Tuesday, February 5, 2008

വാനില്‍ പാറാനെന്തുരസം

നീലവിരിച്ചൊരുമാനത്ത്
പഞ്ഞിയുടുപ്പുമണിഞ്ഞിട്ട്
പാറിനടക്കും വെണ്മുകിലേ
പോകുവതെങ്ങീ നേരത്ത്?

അങ്ങുകിഴക്കേമലനിരയില്‍
മാനം‌മുട്ടും കുന്നില്ലേ?
അവിടാണോ നിന്‍ കൊട്ടാരം?
മഴവില്‍ ചാര്‍ത്തിയ കൊട്ടാരം?

കാര്‍മുകില്‍കൊണ്ടുനടപ്പോരാ
വാര്‍മഴവില്ലതു വര്‍ണ്ണാഭം!
അതുപോലൊരു ചെറുമഴവില്ലീ-
പാവമെനിക്കും തരുമോ നീ?

ഉയരേ പാറിപ്പോകുമ്പോള്‍
താഴെക്കാഴ്ചകളെന്തെല്ലാം?
കാടും മേടും മലനിരയും
കാണാന്‍ ചേലോ ചങ്ങാതീ!

ചെല്ലക്കാറ്റുവരുന്നുണ്ടേ
മുകിലുകളൊത്തുകളിച്ചീടാന്‍
അവളോടൊപ്പംപോകുമ്പോള്‍
എന്നെക്കൂടെ കൂട്ടാമോ?

അമ്മുവിനുത്തരമേകാതെ
തെക്കന്‍‌കാറ്റിന്‍ ചുമലേറി
കാര്‍മ്മുകിലാടും മേടയതില്‍
പോയി മറഞ്ഞാ വെണ്മുകില്.











ഈ കവിത രേണു ആലപിച്ചിരിക്കുന്നത് ഇവിടെ കേള്‍ക്കാം