Tuesday, January 15, 2008

പായസം

ആവണിമാസത്തിലാതിരനാളല്ലോ
ആതിരക്കുട്ടിക്കഞ്ചാംപിറന്നാ‍ള്‍
അമ്മയ്ക്കുമച്ഛനുമാരോമലായൊരീ
ചക്കരക്കുട്ടി‍പിറന്നൊരുനാള്‍‍

കുത്തരിപ്പായസമാണവള്‍ക്കേറ്റവു
മിഷ്ടമാണെന്നാലതിന്നു വയ്ക്കാം
പായസക്കൂട്ടുതന്‍കാര്യങ്ങളൊക്കവേ
ചട്ടത്തിലാക്കിയിട്ടച്ഛനെത്തി.

കുത്തരിവേവിച്ചതിലേക്കുനല്‍‍നറും
ശര്‍ക്കരപ്പാനിപകര്‍ന്നൊഴിച്ച്,
പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി

ചേലൊടാപ്പായസം വെച്ചു, വിളിച്ചമ്മ
ആതിരേ കൂട്ടാരെ കൂട്ടിവായോ
പായവിരിച്ചതില്‍ വാഴയിലയിട്ടു
കുട്ടികളെല്ലാരുമൊത്തിരുന്നു

അമ്മവിളമ്പിയപായസമുണ്ണവേ
ആതിരക്കുട്ടികുണുങ്ങിച്ചൊന്നാള്‍
ആരുകൊടുത്തതാണിത്രമധുരവു
മാരും കൊതിക്കും രുചിമണവും!

മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!
അച്ഛന്‍പറഞ്ഞൊരാവാചകമെന്തെ
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!


ബ്ലോഗര്‍ സുഹൃത്ത് മനോജ് ഈ കവിത ചൊല്ലിയിരിക്കുന്നതു കേള്‍ക്കൂ ഇവിടെ

23 comments:

അപ്പു ആദ്യാക്ഷരി said...

കുട്ടികളേയും കുട്ടിക്കവിതകളെയും ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു കുട്ടിക്കവിതകൂടി.
“ആരുകൊടുത്തതാണിത്രമധുരവും
മാരും കൊതിക്കും രുചിമണവും” എന്ന് നമ്മുടെ ജി.മനു ചാറ്റ് വിന്റോയില്‍ എഴുതിയിട്ട രണ്ടുവരിയില്‍നിന്നാണീ ഫ്ലാഷ് ബാക്ക് പായസത്തിന്റെ ജനനം! മനുവിന് പ്രത്യേകം നന്ദി!

G.MANU said...

കുത്തരിവേവിച്ചതിലേക്കുനല്‍‍നറും
ശര്‍ക്കരപ്പാനിപകര്‍ന്നൊഴിച്ച്,
പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി

wow maash..paayasakkavitha valare nannayi

ശ്രീ said...

അപ്പുവേട്ടാ...

“മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!”


നല്ല വരികള്‍!

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചേലൊടാപ്പായസം വെച്ചു, വിളിച്ചമ്മ
ആതിരേ കൂട്ടാരെ കൂട്ടിവായോ
പായവിരിച്ചതില്‍ വാഴയിലയിട്ടു
കുട്ടികളെല്ലാരുമൊത്തിരുന്നു

നല്ല വരികള്‍. ഇലയിലുണ്ണാന്‍ കൊതിയാവുന്നു.

സുല്‍ |Sul said...

പന്തിയുടെ ഇങ്ങേയറ്റത്ത് ഞാനും ഇരിക്കുന്നു പായസമുണ്ണാന്‍.

അപ്പു നന്നായി കവിത.

-സുല്‍

സു | Su said...

“മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!
അച്ഛന്‍പറഞ്ഞൊരാവാചകമെന്ത
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!”

എനിക്കും പുഞ്ചിരിക്കാതെ വയ്യ. :)

Mini S said...

കുത്തരി തന്നെ വേണം അല്ലെ? :)

കൊള്ളാം അപ്പു.

അച്ഛന്‍പറഞ്ഞൊരാവാചകമെന്ത (മെന്തെ അല്ലെ?)
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!

Murali K Menon said...

പായസം ഗംഭീരായി.
ആതിരമോളോടൊപ്പം ഞാനും ആസ്വദിച്ചു.
അഭിനന്ദനങ്ങള്‍!

ചന്ദ്രകാന്തം said...

അമ്മതന്‍ വാല്‍സല്യ മാധുര്യമേകുന്നു
പായസച്ചേലൊത്തൊരീരടികള്‍..!

കരീം മാഷ്‌ said...

നല്ല വരികള്‍.
അപ്പു നന്നായി കവിത.

പപ്പൂസ് said...

ഇത്തിരിപ്പായസം ഞങ്ങള്‍ക്കും തന്നില്ലേല്‍
സത്യമാണപ്പുവേ ഞാന്‍ പിണങ്ങും,
ഇത്തരമോര്‍ത്തു വന്നെത്തി വായിച്ചപ്പോള്‍
ഇത്തിരി ഞാനും നുകര്‍ന്ന പോലെ... :)

മധുരമുള്ള കവിത! :)

നാടോടി said...

നന്നായിരിക്കുന്നു

പ്രയാസി said...

"മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!"

ഠാങ്ക്യു അപ്പു ചേട്ടായീ.. :)

Gopan | ഗോപന്‍ said...

അപ്പു മാഷേ..
പായസം കുടിച്ചു കേട്ടോ..
നല്ല മധുരം ഉണ്ട്..
വളരെ നല്ല കവിതയും ആശയവും..
സ്നേഹത്തോടെ.
ഗോപന്‍

Unknown said...

കുത്തരിപ്പായസമാണവള്‍ക്കേറ്റവു
മിഷ്ടമാണെന്നാലതിന്നു വയ്ക്കാം
പായസക്കൂട്ടുതന്‍കാര്യങ്ങളൊക്കവേ
ചട്ടത്തിലാക്കിയിട്ടച്ഛനെത്തി.

കുത്തരിവേവിച്ചതിലേക്കുനല്‍‍നറും
ശര്‍ക്കരപ്പാനിപകര്‍ന്നൊഴിച്ച്,
പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി.
വായില്‍ വെള്ളം നിറഞ്ഞു...പായസത്തിനേക്കാള്‍ മധുരം അമ്മയുടെ സ്നേഹത്തിനു തന്നെ..

ദിലീപ് വിശ്വനാഥ് said...

അപ്പുവേട്ടാ.. പായസക്കവിത കലക്കി.
കൊതിയാവുന്നു.

സാജന്‍| SAJAN said...

അപ്പൂ, പായസം പോലെ മധുരമീ കവിത:)
എനിക്കേറെ ഇഷ്ടമായത്...
മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!
അച്ഛന്‍പറഞ്ഞൊരാവാചകമെന്തെ
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!..
ഈ വരികള്‍ ആണ്:)

ശ്രീലാല്‍ said...

അപ്പുമാഷേ,

“പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി “

ഇവിടെയെത്തിയപ്പോള്‍ വായില്‍ നിറഞ്ഞ വെള്ളം ഇറക്കിയാണ് അടുത്ത വരിയിലേക്ക് പോയത്.



രണ്ടുവരി ഞാനും പാടുന്നു.



ഇപ്പിറന്നാളിലല്ലാദ്യമായെന്മകള്‍

അമ്മതന്നുള്ളില്‍ വന്നന്നുമുതല്‍

‍സ്നേഹമാം പായസമാധുര്യസാഗരം

പൊന്മണീ നിന്നെയൂട്ടുന്നിതമ്മ.


അമ്മതന്‍ സ്നേഹമാമീമധുരത്തിലും

നല്ലതാമേതമൃതുള്ളീപാരില്‍

വെക്കംനുണയുകീ നന്മതന്‍ മാധുര്യ

പ്പാല്‍ക്കടലിന്നുനീയെന്‍ കണ്മണീ


:)

Manoj | മനോജ്‌ said...

അപ്പൂസേ - മറ്റൊരു മനോഹരമായ കവിത! മധുരതരമായിരിക്കുന്നു... :)

അപ്പു ആദ്യാക്ഷരി said...

ശ്രീലാലിനു നൂറില്‍ നൂറുമാര്‍ക്ക്. എന്തുനല്ല കവിതക്കമന്റ്. നീളം കൂടും എന്നു ഭയന്ന് ഞാനെഴുതാതിരുന്ന വരികള്‍ എത്രഭംഗിയായി ശ്രീലാല്‍ എഴുതി! അഭിനന്ദനങ്ങള്‍!

അതുപോലെ മനു, ശ്രീ, പ്രിയ, സുല്‍, സുവേച്ചി, മിനി, മുരളിയേട്ടന്‍, ചന്ദ്രകാന്തം, കരീം‌മാഷ്, പപ്പൂസ്, ബാജി, പ്രയാസി, ഗോപന്‍, ആഗ്നേയ, വാല്‍മീകി, സാജന്‍ എന്നിവര്‍ക്കും നന്ദി.

മനോജിന് ഒരു പ്രത്യേകം നന്ദി, കവിത പാടി പോസ്റ്റുചെയ്തതിന്.

മഴത്തുള്ളി said...

അപ്പൂ,

എന്നത്തേയും പോലെ ഈ കവിതയും വളരെ ഇഷ്ടമായി കേട്ടോ.

കുറച്ചുപായസം കുടിക്കാമെന്നും വിചാരിച്ചപ്പോള്‍ പായസപ്പാത്രം കാലി, എന്തു ചെയ്യും, അല്പം താ‍മസിച്ചുപോയി ഞാന്‍ :(

ഇനിയും പോരട്ടെ, ആശംസകള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ നന്നായിരിക്കുന്നു ഇതുവഴി കടന്നു വരാന്‍ അല്പം വൈകി.
എന്തുചെയ്യാം ഇനി പെട്ടെന്ന് എത്താന്‍ നോക്കാം.. ഒരു ഗ്ജാസ് പായസം വെച്ചേക്കണെ,

ചീര I Cheera said...

കുത്തരിപ്പായസത്തിനൊരു സ്റ്റഡി ക്ലാസ്സിന്‌ അങ്ങ്ങോട്ട് വന്നാലോ എന്നൊരു ആലോചന..
:)
നന്നായിട്ടുന്ട്, ശരിയ്ക്കും.
പക്ഷെ, കുത്തരിപ്പായസത്തില്‍ അണ്ടിപരിപ്പിടുമോ എന്നൊരു സംശയം മാത്രം..