Thursday, September 13, 2007

ഓണംവന്നേ

കവിതയെഴുതാന്‍ അറിയാവുന്നതുകൊണ്ടല്ല ഇങ്ങനെയൊരു സാഹസത്തിനൊരുങ്ങിയത്..

മഴത്തുള്ളി മാത്യുസാറും, മനുവുമൊക്കെ കുഞ്ഞിക്കവിതകള്‍ എഴുതുന്നത് കൌതുകത്തോടെ വായിച്ചിട്ടുണ്ട്. അതുപോലെ എഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാശിച്ചിട്ടും ഉണ്ട്.

അപ്പോഴാണ് ഗൂഗിള്‍ ചാറ്റ് വിന്റോയില്‍ ഒരുദിവസം മാത്യൂസ് രണ്ടുവരി കുഞ്ഞിക്കവിത എഴുതിയത്. വെറുതേ ഒരു തമാശയ്ക്ക് ബാക്കി രണ്ടുവരി ഞാനും എഴുതി. പിന്നെ വരികള്‍ ചേര്‍ത്ത് അത് വലുതാക്കി. അങ്ങനെ ചാറ്റിലൂടെ ജനിച്ച ഒരു കുഞ്ഞിക്കവിതയാണിത്.

ഈ വര്‍ഷത്തെ ഓണം കഴിഞ്ഞുപോയി. പക്ഷേ, മലയാളവും മലയാളിയും ഉള്ളിടത്തോളം മനസ്സില്‍ ഓണവും അതിന്റെ ബിംബങ്ങളും ഉണ്ടാവും. അങ്ങനെ ചില ഓണച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുഞ്ഞിക്കവിതയാണിത്.


ഈ കവിത എല്ലാ കുട്ടികള്‍ക്കും, മഴത്തുള്ളീമാത്യുസിനും വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു:

സ്നേഹപൂര്‍വ്വം,
അപ്പുഓണംവന്നോണംവന്നോണം വന്നേ
മലയാളക്കരയിലിന്നോണം വന്നേ
മാവേലിത്തമ്പ്രാനെ സ്വീകരിക്കാന്‍

നാടുംനാട്ടാരുമൊരുങ്ങിനിന്നേ

ഓണവിളക്കുകള്‍ കണ്‍തുറന്നു
ഓണനിലാവു തെളിഞ്ഞുനിന്നൂ
തുമ്പയും പിച്ചിയും മുക്കുറ്റിയും
പൂക്കുലയാട്ടിച്ചിരിച്ചുനിന്നൂ

കൂട്ടുകാരെല്ലാരുമൊത്തുകൂടി
കുമ്പിളില്‍ പൂക്കളിറുത്തുവന്നൂ
മുറ്റമൊരുക്കി, തിരിതെളിച്ചൂ
ചന്തത്തില്‍ പൂക്കളമൊന്നൊരുക്കീ

പുത്തനുടുപ്പും കുറിയുമിട്ട്
കുട്ടികളെല്ലാരുമൊത്തു ചേര്‍ന്നു
കൊട്ടും കുരവയും പാട്ടുമായി
"പുള്ളിപ്പുലി"കളും വന്നുചേര്‍ന്നു.

ചോറുംകറികളും പായസവും
ചേലോടിലയില്‍ വിളമ്പിയമ്മ
കുഞ്ഞിവയറുനിറയുവോളം
കുഞ്ഞുങ്ങളെല്ലാരുമോണമുണ്ടു.

നാലുനാളോണം കഴിഞ്ഞനേരം

കൊഞ്ചിക്കൊണ്ടമ്മയോടുണ്ണി ചൊന്നാന്‍
എന്നുമിതുപോലെ ഓണമായാല്‍
എന്തു രസമായിരിക്കുമമ്മേ ?ഈ കവിത ഐശ്വര്യക്കുട്ടി പാടിയിരിക്കുന്നതു കേള്‍ക്കണോ? ദേ ഇവിടെ ക്ലിക്കുചെയ്യൂ.

25 comments:

അപ്പു said...

ഒരു കുട്ടിക്കവിത

മഴത്തുള്ളി said...

അപ്പൂ,

ഗൂഗിളിന്‍ ജിടോക്ക് ചാറ്റിലിട്ട
രണ്ടു ലൈനപ്പാടെ മാറിയല്ലോ
ഓണക്കവിത തന്നീണമെന്റെ..
യോര്‍മ്മയെ മാടിവിളിച്ചുവല്ലോ

ചാറ്റിലൂടെയിട്ട 2 ലൈന്‍ 24 ലൈന്‍ ആയത് എത്ര പെട്ടെന്നാണ്! ഇനിയുമെഴുതൂ മാഷേ കുഞ്ഞിക്കവിതകള്‍.

ആശംസകള്‍ :)

Sul | സുല്‍ said...

അപ്പു
നന്നായിരിക്കുന്നു. നന്നായി എഴുതി.
നല്ല ഈണം.
ഒരു കുഞ്ഞു കവി ഇവിടെയും. :)
ഇന്നലെ തമനുവിന്റെ പാട്ട്, ഇന്ന് അപ്പുവിന്റെ കവിത. ദൈവേ.....
നന്നായിട്ടൊ
-സുല്‍

അഗ്രജന്‍ said...

ചുള്ളാ ഈ ലൈനില്‍ ഭാവിയുണ്ട് കേട്ടോ :)

നന്നായിരിക്കുന്നു കുഞ്ഞിക്കവിത... നല്ല വരികള്‍!

ഓ.ടോ1: സുല്ലിന്‍റെ ആധിക്ക് കനം കൂടാനാണ് സാധ്യത :)

ഓ.ടോ2: മാത്യൂസേ... ഇങ്ങനെ ഒരു ചതി വേണ്ടാര്‍‍ന്നു :)

shiju said...

നല്ല കവിത

Sumesh Chandran said...

"..................
എന്തു രസമായിരിക്കുമമ്മേ ?
മാവേലി വാഴുന്നനാട്ടിലേക്കുണ്ണിയെ
കൊണ്ടുപോകാമോ , പൊന്നമ്മയല്ലേ?"

ആ വരികളൊഴിച്ചാല്‍ (അവിടെ മുകളിലെ ഒഴുക്കില്ല), അപ്പുവേ,
“നീങ്ക പുലി താന്‍!!”

നന്നായിട്ടുണ്ട്!

അപ്പു said...

സുമേഷ് ജീ... അഭിപ്രായത്തിനു നന്ദി. ദേ ഇതുപോലെ മാറ്റിയിട്ടുണ്ട്.

“നാലുനാളോണം കഴിഞ്ഞനേരം
കൊഞ്ചിക്കൊണ്ടമ്മയോടുണ്ണിചൊന്നാന്‍
എന്നുമിതുപോലെ ഓണമായാല്‍
എന്തു രസമായിരിക്കുമമ്മേ...”

മാത്യുസാര്‍ .. നന്ദി
സുല്ലേ :-)
അഗ്രജാ.... ഇനിയും ഉണ്ട്.
ഷിജൂ... നന്ദി

വേണു venu said...

മൊത്തം ഞാന്‍ വായിച്ചു
ചൊല്ലിടട്ടെ, അപ്പൂവേ നല്ലകവിത തന്നെ.
എന്നുമിതുപോലെ കവിതവന്നാല്‍
എന്തു രസമാണു് അപ്പുക്കുട്ടാ.!
ഇഷ്ടപ്പെട്ടു അപ്പു.:)

സഹയാത്രികന്‍ said...

അപ്പ്വേട്ടാ... ഇത് നന്നായിട്ടുണ്ട്ട്ടാ....

മയൂര said...

നല്ല ഈണം ..നന്നായിട്ടുണ്ട് വരികളും...:)

സ്വപ്നാടകന്‍ said...

Wow!! അതിമനോഹരം!! ഇത് ഈണത്തില്‍ പാടാനൊക്കുന്ന ഒരു കുഞ്ഞിക്കവിത! അപ്പൂസേ, താങ്കളുടെ ശബ്ദത്തില്‍ ഇത് record ചെയ്ത് ഈ ബ്ലോഗിനൊപ്പം ചേറ്ക്കണം!! :)

ആശംസകള്‍!

കുട്ടിച്ചാത്തന്‍ said...

നല്ല ഈണം ...

ജിടോക്കില്‍ ഇതാണോ പരിപാടി (മേലാല്‍ എന്നോട് ചാറ്റ് ചെയ്യാന്‍ വരണ്ട :))

ശ്രീ said...
This comment has been removed by the author.
ശ്രീ said...

ഹായ്... അപ്പുവേട്ടാ...
ഇതുഗ്രനാണല്ലോ. ച്ഛെ! ഞാനിതു വരെ കണ്ടില്ലാരുന്നു.

നല്ല ഈണത്തില്‍‌ പാടാന്‍‌ കഴിയുന്നു. ലളിതമായ വരികളും. ഇഷ്ടമായി.

എന്നാലടുത്തത് പോരട്ടേ
:)

ആഷ | Asha said...

എല്ലാവരും പറഞ്ഞതു തന്നെയെ എനിക്കു പറയാനുള്ളൂ നല്ല ഈണം.
നന്നായി

പൊയ്‌മുഖം said...

എന്നും ഓണമായാല്‍‌ അതിനെ ഓണമെന്ന് വിളിക്കാമോ?

ആവനാഴി said...

പ്രിയപ്പെട്ട അപ്പൂ,

അപ്പുവിനു ലേഖനങ്ങള്‍ മാത്രമല്ല കവിതയും വഴങ്ങും എന്നു ഈ ഓണക്കവിത തെളിയിച്ചിരിക്കുന്നു.

എനിക്കു ഏറ്റവും ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടത് അവസാനത്തെ നാലു വരികളാണു.

ധനികകുടുംബത്തിലെ കുട്ടിയല്ല എന്നത് വ്യക്തം. അത്തരം കുടുംബങ്ങളില്‍ വിഭവബാഹുല്യം കൊണ്ട് എന്നും ഓണസ്സദ്യയാണല്ലോ. അതുകൊണ്ട് എന്നും ഓണം പോലെ ആയിരുന്നെങ്കില്‍ എന്നു അവിടത്തെ കുട്ടികള്‍ ആഗ്രഹിക്കില്ല.

അങ്ങിനെ പാവപ്പെട്ട വീട്ടിലെ കുഞ്ഞുങ്ങള്‍ ഓണം വരാന്‍ കാത്തിരിക്കുകയാണു. എന്നിട്ടു വേണം വിഭവസമൃദ്ധമായി ഉണ്ണാന്‍.

അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉതൃട്ടാതി നാള്‍ കഴിഞ്ഞാല്‍ പിന്നെ പഴയതുപോലെ കഞ്ഞിയും ചമ്മന്തിയുമേ കാണൂ എന്നവനറിയാം. എന്നും ഓണമായിരുന്നെങ്കില്‍ എന്നു ആ പിഞ്ചു പൈതല്‍ ആഗ്രഹിക്കുന്നു.

അവന്‍ അമ്മയോടു പറയുകയാണ്:
“എന്നുമിതുപോലെ ഓണമായാല്‍
എന്തു രസമായിരിക്കുമമ്മേ ?“

അപ്പൂ, ഹൃദയദ്രവീകരണസമര്‍ത്ഥമായ വരികള്‍.

ഇനിയ്യും എഴുതൂ ഇതുപോലെ മനോഹരമായ കവിതകള്‍.

സസ്നേഹം
ആവനാഴി.

കുറുമാന്‍ said...

അപ്പു, ആവനാഴി/രാഘവേട്ടന്റെ കമന്‍റ്റിന്റെ ചുവട് പിടിച്ചാ ഇവിടെ വന്നത്.

വളരെ നന്നായിരിക്കുന്നു. പ്രിന്റ് ഔട്ട് എടുത്തു. ഇനി മക്കള്‍ക്ക് വായിച്ചു കേള്‍പ്പിക്കണം.

മാത്യൂസിനും നന്ദി.

പേര്.. പേരക്ക!! said...

പറയാതെപോയാല്‍ ശരിയാവില്ല.. നന്നായി..വളരെ നന്നായി..

kaithamullu : കൈതമുള്ള് said...

അപ്പൂ,

ഓണക്കവിത ഇഷ്ടായി.
എഴുതിക്കൊണ്ടിരിക്കൂ, വിഷയങ്ങള്‍ക്കാണോ പഞ്ഞം?

അപ്പു said...

വേണുമാഷേ, സഹയാത്രികാ, മയൂര, സ്വപ്നാടകന്‍, കുട്ടിച്ചാത്തന്‍, ശ്രീ, ആഷ,ആവനാഴിച്ചേട്ടന്‍, കുറുമാന്‍ജീ, പേരയ്ക്കാ, കൈതമുള്ള് എല്ലാവര്‍ക്കും ഈ കുഞ്ഞിക്കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

പൊയ്മുഖമേ, ചോദ്യത്തിനുള്ള ഉത്തരം ആവനാഴിച്ചേട്ടന്റെ കമന്റിലുണ്ടല്ലോ.

മുക്കുവന്‍ said...

നല്ല ഈണം. ലളിതമായ വരികളും. ഇഷ്ടമായി.

G.manu said...

അപ്പൂ...

മനോഹരം. പാടാന്‍ മാത്രമല്ല..പാടിക്കാനും കഴിവുണ്ടെന്നു തെളിയിച്ചു..ആശംസകള്‍..

ഇനിയും പോരട്ടേ.. ഒരുപാട്‌

Muthalapuram Mohandas said...

നാലുനാളോണം കഴിഞ്ഞനേരം
കൊഞ്ചിക്കൊണ്ടമ്മയോടുണ്ണി ചൊന്നാന്‍
എന്നുമിതുപോലെ ഓണമായാല്‍
എന്തു രസമായിരിക്കുമമ്മേ ?
ഈ നാലു വരി ഇല്ലായിരുന്നെങ്കിൽ കവിത ഒരു 'വെറും കവിത'യായിപ്പോകുമായിരുന്നില്ലേ?
ഈ വരികൾ കവിതയെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തിയിരിക്കന്നു.
അഭിനന്ദനങ്ങൾ

അപ്പു said...

പ്രിയ മോഹൻ ദാസ്, സന്ദർശനത്തിനും വായനക്കും അഭിപ്രായത്തിനും നന്ദി :-)