Wednesday, October 3, 2007

ഉത്സവം

മേലൂര്‍ക്കാവിലെയമ്പലനടയില്‍
തൃപ്പൂരത്തിന് കൊടിയേറി
നാടതിലെങ്ങും ഉത്സവമായ് പുതു-
ഹര്‍ഷം നീളേ തുടികൊട്ടി

ധികൃതോം ധികൃതോം ധിമിതത്തികൃതോം
മേളമരങ്ങുതകര്‍ക്കുന്നു!
ദിക്കുകളെട്ടും മാറ്റൊലികൊള്ളും
കതിനകളങ്ങനെ പൊട്ടുന്നു!

തളിരോലകളാല്‍ തീര്‍ത്തൊരുതോരണ-
മാലകള്‍ കാറ്റില്‍ പാറുന്നു!
നാനാവര്‍ണ്ണമിയന്നൊരുകൊടികള്‍
നിരനിരയായി തൂങ്ങുന്നു!

നെറ്റിപ്പട്ടമണിഞ്ഞിട്ടാനകള്‍
നിരയായഞ്ചവ നില്‍ക്കുന്നു!
മുത്തുക്കുടയും വെണ്‍ചാമരവും
ചേലോടങ്ങനെ മിന്നുന്നു!

വളയും ചാന്തും പൊട്ടും മുത്തിന്‍-
മാലകളും ചെറുപാവകളും
കടലപ്പൊരിയും, കാരമുറുക്കും
കച്ചവടം ഹാ! പൊടിപൂരം!

അന്തിമയങ്ങീ, അംബരവീഥിയില്‍
താരകമാലകള്‍ കണ്‍ചിമ്മീ
അതുപോലമ്പലമുറ്റത്തനവധി
കുഞ്ഞുവിളക്കുകള്‍ ചിരിതൂകി!

നാമജപങ്ങളുയര്‍ന്നൂ, മണിതന്‍-
നാദമുയര്‍ന്നൂ തിരുനടയില്‍
പാവനദര്‍ശനമരുളാന്‍ തേജോ-
മയിയാം ദേവിയെഴുന്നള്ളീ!

വാനിലുയര്‍ന്നു വിരിഞ്ഞൊരുമത്താ-
പ്പൂക്കള്‍ നല്ലൊരു മഴയായി
മേളം മുറുകീ താളം മുറുകീ,
കാണികള്‍ ‘മഴയില്‍‘ ആറാടി!

അച്ഛനൊടൊപ്പം, തോളിലിരുന്നി-
ട്ടുത്സമിങ്ങനെ കണ്ടുണ്ണി
കൈനിറയെ സമ്മാനങ്ങളുമായ്
തിരികെപ്പോയീ പൊന്നുണ്ണി!














ചിത്രീകരണം : സഹയാത്രികന്‍

21 comments:

അപ്പു ആദ്യാക്ഷരി said...

ഇമ്മിണി “ബല്യ” ഒരു കുട്ടിക്കവിതകൂടി... ദേ.

നാട്ടുമ്പുറത്തെ അമ്പലത്തിലെ ഉത്സവം ഒരു കുഞ്ഞിന്റെ കണ്ണുകളിലൂടെ.

സഹയാത്രികന്‍ said...

അപ്പ്വേട്ടാ... നാളീകേരം എന്റെ വക ....ഠേ...!

പൂരത്തിന്റെ ആഘോഷങ്ങളെല്ലാം പൊടിപൊടിക്കട്ടേ....

"അച്ഛന്‍ തന്നുടെ തോളതിലേറീ
ട്ടുത്സമിങ്ങനെ കണ്ടുണ്ണി
കൈനിറയെ സമ്മാനങ്ങളുമായ്
ഉണ്ണി മടങ്ങി, സാമോദം!"


ഊണ്ണി ഹാപ്പിയായില്ലേ...... ഞങ്ങളും....

:)

[ nardnahc hsemus ] said...

ഹ..ഹാ.. നന്നായിട്ടുണ്ട്!
ഉണ്ണിക്കവിതകളുടെ വെടിക്കെട്ടാണാല്ലോ!
അപ്പോള്‍, അടുത്ത ബ്ലോഗ് പുസ്തകം ഇവിടുന്നാകും അല്ലെ?

പൊയ്‌മുഖം said...

കൊള്ളാം, നന്നായിരിക്കുന്നു.
എല്ലാവര്‍ക്കും മനസ്സിലാകുന്ന വാക്കുകള്‍ ആയതിനാല്‍
അധികം പ്രയാസപ്പെട്ടില്ല. പണ്ടെങ്ങോ കേട്ട് മറന്ന ഒരീണവും ഇതിനുള്ളതു പോലെ.
പിന്നെ ഇതൊക്കെ നമ്മളുടെ കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ക്കൂടി ഉള്‍പ്പെടുത്തിയിരുന്നെവെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചു പോകുന്നു.

മുസ്തഫ|musthapha said...

“ധികൃതോം ധികൃതോം ധിമിതത്തികൃതോം
മേളമരങ്ങുതകര്‍ക്കുന്നു!“

അതെ, കുട്ടിക്കവിതകള്‍ അരങ്ങ് തകര്‍ക്കുന്നു... ഉഷാറാവുന്നുണ്ട് എല്ലാം... ഇങ്ങനെ ഒരു സാധനം ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്നല്ലേ :)

വേണു venu said...

അരങ്ങു തകര്‍ക്കട്ടെ കുട്ടി കവിതകളുടെ ഈ ഉത്സവം‍‍. അപ്പൂ ഇതും ഇഷ്ടമായി.:))

സു | Su said...

ഇത് വായിച്ച് എന്തോ സന്തോഷം തോന്നി. ഉത്സവത്തിന് പോയ ഓര്‍മ്മകളിലേക്ക് എത്തിയതുകൊണ്ടാവും. നന്നായിട്ടുണ്ട് അപ്പൂ. നന്ദിയും ഉണ്ട്.

മയൂര said...

ഹായ്... ഉത്സവമേളം....നന്നായിരിക്കുന്നു....

Sathees Makkoth | Asha Revamma said...

ഇത് ബല്യകവിത തന്നെ.

കരീം മാഷ്‌ said...

ഞാനും ഉത്സവത്തിനെത്തി.

Manoj | മനോജ്‌ said...

ഉത്സവക്കവിതയും അതി ഗംഭീരം തന്നെ!! :)

ആവനാഴി said...

പ്രിയ അപ്പൂ,

ഇതും മനോഹരമായിരിക്കുന്നു. ലാളിത്യവും സൌന്ദര്യവും ഒത്തിണങ്ങിയ ഈ കവിത അനുവാചകനെ തന്റെ ബാല്യകാലത്തിലെ ഒരു ഉത്സവപ്പറമ്പിലേക്കാനയിക്കുന്നു.

ഇതിലും കവിയുടെ നിരീക്ഷണപാടവം ജ്വലിച്ചുനില്ക്കുന്നതു കാണം.

“വളയും ചാന്തും പൊട്ടും മുത്തിന്‍-
മാലകളും ചെറുപാവകളും
കടലപ്പൊരിയും, കാരമുറുക്കും
കച്ചവടം ഹാ! പൊടിപൂരം!”

ഉത്സവപ്പറമ്പിലെ വാണിഭങ്ങളെപ്പറ്റിയുള്ള വര്‍ണ്ണന.

അതുപോലെ സൌന്ദര്യമൂറുന്ന വരികളാണു വാനില്‍നിന്നു “നല്ലൊരു മഴയായി” താഴേക്കു പതിക്കുന്ന “മത്താപ്പൂക്കള്‍”.

ലാളിത്യത്തിന്റേയും സൌന്ദര്യത്തിന്റേയും സ്വര്‍ണ്ണനൂലുകള്‍ പാകിയ കവിതകള്‍ ഇനിയും രചിക്കൂ.

സസ്നേഹം
ആവനാഴി.

ശ്രീ said...

“ധികൃതോം ധികൃതോം ധിമിതത്തികൃതോം
മേളമരങ്ങുതകര്‍ക്കുന്നു!”

അപ്പുവേട്ടാ...

ഉത്സവം കെങ്കേമമായി...

കുട്ടിക്കവിതകളിനിയും പോരട്ടേ...
:)

G.MANU said...

appoo... really good...
kuttikal aaghoshikkatte...sneham engum vidaratte...senham mathram..

next pls...vegam

മഴത്തുള്ളി said...

അപ്പൂ,

ഇത്തവണത്തെ കവിത കണ്ടിട്ട് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അപ്പു കുട്ടിക്കവിതകകള്‍ രചിക്കുന്നതിലുള്ള തന്റെ വൈദഗ്ദ്യം ഈ കവിതയിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു. അമ്പലത്തിലെ ഒരു ഉത്സവത്തില്‍ പങ്കെടുത്ത അനുഭവം പോലെ തോന്നി.

ഇനിയും എഴുതൂ. മനസ്സിലുറങ്ങിക്കിടക്കുന്ന കവിതകളെയെല്ലാം വിളിച്ചുണര്‍ത്തൂ. :) ആശംസകള്‍.

krish | കൃഷ് said...

ലളിതമായ ഈണമുള്ള കവിത.

കുറുമാന്‍ said...

അപ്പൂ ഈ കവിതയും മനോഹരമായിരിക്കുന്നു.

Rasheed Chalil said...

പൂരപ്പറമ്പിലൂടെ നടന്നപോലെ ഒരു ഫീലിംഗ്. ഇഷ്ടായി മാഷേ.

സുല്‍ |Sul said...

ചന്തമുള്ള കവിത അപ്പു
ഇനിയും എഴുതൂ

-സുല്‍

ശ്രീലാല്‍ said...

അപ്പു മാഷേ... ( സാരമില്ല, കിടന്നോട്ടെ :) )
ഇപ്പൊഴല്ലേ കണ്ടത്‌ ഈ ഉത്സവം.! - ശരിക്കും കണ്ടതുപോലെ ആസ്വദിച്ചു..
ഇനി നിങ്ങളുടെ ബ്ലോഗ്‌ വിടാന്‍ പരിപാടിയില്ല.

1) സുമേഷിന്റെ കമന്റിനൊരു അടിവര.
2) ഈ കവിത നല്ല താളത്തില്‍ ഉറക്കെ എല്ലാവരും ഒന്നു ചൊല്ലിനോക്കൂ.. (ബാന്റ്‌ വാദ്യത്തിന്റെ താളത്തിലാണ്‌ ഞാന്‍ പാടിനോക്കിയത്‌.)

അപ്പു ആദ്യാക്ഷരി said...

ഉത്സവം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

സഹയാത്രികന്‍ :) തേങ്ങയ്ക്കു പ്രത്യേകം നന്ദി.

സുമേഷ് :)
പൊയ്മുഖം :) ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. പാഠപ്പുസ്തകങ്ങളില്‍ ചേര്‍ക്കാനുള്ള ‘ക്വാളിറ്റി’ ഇതിനുണ്ടോ ??!!

അഗ്രജന്‍, വേണുമാഷ്, സുവേച്ചി :) നന്ദി
മയൂര, സതീശ്, കരീം മാഷ് :) നന്ദി
മനോജ്, ശ്രീ, ജി.മനു.. നന്ദി :)

ആവനാഴിച്ചേട്ടാ :) പതിവുപോലെ, ഈ കുറിപ്പിന് നന്ദി.

മഴത്തുള്ളി, കൃഷ്, കുറുമാന്‍, ഇത്തിരി, സുല്ല് :) നന്ദി, നന്ദി!!

ശ്രീലാല്‍ :) വരവു വച്ചിരിക്കുന്നുട്ടാ... :)

കൂടാതെ വായിച്ചിട്ടു പോയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.