Thursday, October 25, 2007

അരുണോദയം

അങ്ങുകിഴക്കേമാനത്തൊരുപൊന്‍-
‘പെരുമീനൊ‘ളിതൂകീടുമ്പോള്‍
അതിലും താഴെയൊരിത്തിരിവെട്ടം
കുന്നിന്‍‌മേലേ കാണാറായ്

ഇരുളിന്‍കമ്പിളിനീക്കീ സൂര്യന്‍
മന്ദമിതാവന്നെത്തുന്നൂ
‘ഉണരൂവേഗമിതരുണോദയമായ്‘
കാഹളമൂതി പൂങ്കോഴി

ആ വിളികേട്ടിട്ടാവാംകിളികള്‍
കലപിലകലപില കൂട്ടുന്നു
ചക്കരമാവിന്‍ കൊമ്പിലിരുന്നൊരു
പൂങ്കുയില്‍നീട്ടിപ്പാടുന്നു.

മുല്ലപ്പൂമണമോലുമിളംകാ-
റ്റാവഴിമന്ദം വീശുന്നൂ
പുല്ലിന്‍ തുമ്പിലുറഞ്ഞൊരുമഞ്ഞിന്‍
തുള്ളികളെല്ലാമുണരുന്നു

പൂന്തോപ്പില്‍നറുതേനൂറുംചെറു
പൂക്കള്‍ പുഞ്ചിരിതൂകുന്നു
അവയില്‍നിന്നുംതേന്‍ നുകരാന്‍ ചെറു
പൂമ്പാറ്റകള്‍വന്നെത്തുന്നൂ

പൊന്‍പ്രഭതൂകുംപൊന്‍‌വെയിലില്‍ നെല്‍-
പ്പാടമണിഞ്ഞൂ പൊന്നാട!
പൊന്‍‌നിറമോലും നെല്‍ക്കതിര്‍തിന്നാ-
നെത്തീതത്തകളൊരുപറ്റം.

ഉണരൂ നീയെന്നുണ്ണീ, പുലരി-
ക്കിണ്ണം പൊന്‍‌കണി വയ്ക്കുന്നു
അതിമോഹനമീക്കണികാണാനീ-
ക്കതിര്‍മിഴിയൊന്നുതുറക്കൂനീ.*പെരുമീന്‍ = ശുക്രന്‍ (venus)സൂര്യോദയത്തിനു മുമ്പ് കാണപ്പെടുന്നത്

ചിത്രീകരണം : സഹയാത്രികന്‍

Thursday, October 18, 2007

വണ്ടേ വണ്ടേ കരിവണ്ടേ

വണ്ടേ വണ്ടേ കരിവണ്ടേ
പാറിനടക്കുവതെന്തേ നീ?
മൂളിപ്പാട്ടും പാടിക്കൊ-
ണ്ടെങ്ങോട്ടാണീ നേരത്ത്?

പൂക്കളിലെത്തേന്‍ നുകരാനും
പൂമ്പൊടിവാരി രസിപ്പാനും
പൂവിന്‍പരിമളമേല്‍ക്കാനും
ഇങ്ങനെ പാറിനടപ്പൂ ഞാന്‍!

പുള്ളിയുടുപ്പുകളിട്ടൊരുപൂ-
മ്പാറ്റകളീച്ചെറുതോട്ടത്തില്‍
കളിയാടുന്നതുകണ്ടില്ലേ
അവരോടൊപ്പം പോരൂല്ലേ?

കുഞ്ഞേയീച്ചെങ്കദളിയതില്‍
തേന്‍‌കിനിയുന്നൊരു കൂമ്പുണ്ട്
അതില്‍നിന്നൂറും തേനുണ്ണാന്‍
കൊതിയോടിപ്പോള്‍ പോണൂഞാന്‍!

വണ്ടേ ഇപ്പോള്‍ പോകരുതേ
നേരമതൊത്തിരിയായില്ലേ?
പാഠങ്ങള്‍തീര്‍ത്തില്ലെന്നാ-
ലെന്നോടമ്മ പിണങ്ങീടും!

ഇല്ലിക്കാട്ടിലൊരൂഞ്ഞാലില്‍
ചിന്തുകള്‍പാടിരസിച്ചീടും
കൊതിയന്‍ തത്തകള്‍ കണ്ടീടില്‍
തേനതുതുള്ളി ലഭിക്കീല.

എന്നാലിനിയും വൈകാതെ
പോയിവരൂനീ ചങ്ങാതീ
മറവിയതൊട്ടും പാടില്ലീ-
ത്തോട്ടത്തില്‍ഞാന്‍ നിന്നീടും.

വേണ്ടാകുഞ്ഞേ ശങ്കയിതില്‍
ഉടനേഞാനിങ്ങെത്തീടാം.
പൂമ്പാറ്റകളും തുമ്പികളും
പൂക്കളുമൊത്തുകളിച്ചീടാം.


ചിത്രീകരണം : സഹയാത്രികന്‍


ഇതിന്റെ ബാക്കി നാലുവരികൂടി കുട്ടിപറയുന്നതായി ‘ചന്ദ്രകാന്തം’ എന്ന ബ്ലോഗര്‍ എഴുതിത്തന്നിട്ടുണ്ട്; അതിങ്ങനെയാണ്:

എന്നാലിനിയും വൈകാതേ
പോയിവരൂ നീ ചങ്ങാതീ..
കൊണ്ടുവരാമോ തേന്‍‌തുള്ളീ,
നില്‍‌പ്പൂ ഞാനോ കൊതിതുള്ളീ !!

Monday, October 8, 2007

അണ്ണാറക്കണ്ണാ മാമ്പഴംതായോ

അണ്ണാറക്കണ്ണായെന്നന്‍പായകണ്ണാ നീ
നല്ലൊരുമാമ്പഴം കൊണ്ടുത്തായോ

തെക്കേവളപ്പിലെ തേന്മാവിന്‍ കൊമ്പത്തെ
തേനൂറും മാമ്പഴം കൊണ്ടുത്തായോ

കാക്കച്ചിയമ്മയാ ചക്കരമാമ്പഴം
കൊത്തും മുമ്പേയതിറുത്തുതായോ

കൊച്ചേച്ചിവന്നതുകാണും മുമ്പേവേഗം
ഞെട്ടൊന്നുപൊട്ടിച്ചിട്ടിങ്ങുതായോ

വന്‍‌മരച്ചില്ലകള്‍ കേറിയിറങ്ങുവാന്‍
വന്‍വിരുതുള്ളൊരു കൂട്ടുകാരാ

ആമരച്ചില്ലയില്‍ചെന്നുനീ വെക്കമാ-
മാമ്പഴം താഴേക്കൊന്നിട്ടുതായോ!ഈ കവിത രേണു പാടിയിരിക്കുന്നതു കേള്‍ക്കണോ.ഇവിടെ ക്ലിക്ക് ചെയ്യൂ.

Wednesday, October 3, 2007

ഉത്സവം

മേലൂര്‍ക്കാവിലെയമ്പലനടയില്‍
തൃപ്പൂരത്തിന് കൊടിയേറി
നാടതിലെങ്ങും ഉത്സവമായ് പുതു-
ഹര്‍ഷം നീളേ തുടികൊട്ടി

ധികൃതോം ധികൃതോം ധിമിതത്തികൃതോം
മേളമരങ്ങുതകര്‍ക്കുന്നു!
ദിക്കുകളെട്ടും മാറ്റൊലികൊള്ളും
കതിനകളങ്ങനെ പൊട്ടുന്നു!

തളിരോലകളാല്‍ തീര്‍ത്തൊരുതോരണ-
മാലകള്‍ കാറ്റില്‍ പാറുന്നു!
നാനാവര്‍ണ്ണമിയന്നൊരുകൊടികള്‍
നിരനിരയായി തൂങ്ങുന്നു!

നെറ്റിപ്പട്ടമണിഞ്ഞിട്ടാനകള്‍
നിരയായഞ്ചവ നില്‍ക്കുന്നു!
മുത്തുക്കുടയും വെണ്‍ചാമരവും
ചേലോടങ്ങനെ മിന്നുന്നു!

വളയും ചാന്തും പൊട്ടും മുത്തിന്‍-
മാലകളും ചെറുപാവകളും
കടലപ്പൊരിയും, കാരമുറുക്കും
കച്ചവടം ഹാ! പൊടിപൂരം!

അന്തിമയങ്ങീ, അംബരവീഥിയില്‍
താരകമാലകള്‍ കണ്‍ചിമ്മീ
അതുപോലമ്പലമുറ്റത്തനവധി
കുഞ്ഞുവിളക്കുകള്‍ ചിരിതൂകി!

നാമജപങ്ങളുയര്‍ന്നൂ, മണിതന്‍-
നാദമുയര്‍ന്നൂ തിരുനടയില്‍
പാവനദര്‍ശനമരുളാന്‍ തേജോ-
മയിയാം ദേവിയെഴുന്നള്ളീ!

വാനിലുയര്‍ന്നു വിരിഞ്ഞൊരുമത്താ-
പ്പൂക്കള്‍ നല്ലൊരു മഴയായി
മേളം മുറുകീ താളം മുറുകീ,
കാണികള്‍ ‘മഴയില്‍‘ ആറാടി!

അച്ഛനൊടൊപ്പം, തോളിലിരുന്നി-
ട്ടുത്സമിങ്ങനെ കണ്ടുണ്ണി
കൈനിറയെ സമ്മാനങ്ങളുമായ്
തിരികെപ്പോയീ പൊന്നുണ്ണി!


ചിത്രീകരണം : സഹയാത്രികന്‍