Tuesday, January 15, 2008

പായസം

ആവണിമാസത്തിലാതിരനാളല്ലോ
ആതിരക്കുട്ടിക്കഞ്ചാംപിറന്നാ‍ള്‍
അമ്മയ്ക്കുമച്ഛനുമാരോമലായൊരീ
ചക്കരക്കുട്ടി‍പിറന്നൊരുനാള്‍‍

കുത്തരിപ്പായസമാണവള്‍ക്കേറ്റവു
മിഷ്ടമാണെന്നാലതിന്നു വയ്ക്കാം
പായസക്കൂട്ടുതന്‍കാര്യങ്ങളൊക്കവേ
ചട്ടത്തിലാക്കിയിട്ടച്ഛനെത്തി.

കുത്തരിവേവിച്ചതിലേക്കുനല്‍‍നറും
ശര്‍ക്കരപ്പാനിപകര്‍ന്നൊഴിച്ച്,
പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി

ചേലൊടാപ്പായസം വെച്ചു, വിളിച്ചമ്മ
ആതിരേ കൂട്ടാരെ കൂട്ടിവായോ
പായവിരിച്ചതില്‍ വാഴയിലയിട്ടു
കുട്ടികളെല്ലാരുമൊത്തിരുന്നു

അമ്മവിളമ്പിയപായസമുണ്ണവേ
ആതിരക്കുട്ടികുണുങ്ങിച്ചൊന്നാള്‍
ആരുകൊടുത്തതാണിത്രമധുരവു
മാരും കൊതിക്കും രുചിമണവും!

മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!
അച്ഛന്‍പറഞ്ഞൊരാവാചകമെന്തെ
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!


ബ്ലോഗര്‍ സുഹൃത്ത് മനോജ് ഈ കവിത ചൊല്ലിയിരിക്കുന്നതു കേള്‍ക്കൂ ഇവിടെ