Thursday, September 27, 2007

പുതുമഴ പെരുമഴ

കാറ്റുവരുന്നേ കോളുവരുന്നേ,
വമ്പന്മഴയുടെ കോളുവരുന്നേ
ചറപറചറപറപെയ്യാനായി-
ട്ടിടവപ്പാതിക്കാറുവരുന്നേ.....

മാനമിരുണ്ടു കറുത്തുവരുന്നേ,
മാരിക്കാറുകളിളകിവരുന്നേ
മയിലുകളാമോദത്താല്‍ വര്‍ണ്ണ-
പ്പീലിവിരിച്ചിട്ടാടി നടന്നേ......

മാനത്തൂന്നൊരു പൂത്തിരിപോലാ
വെള്ളത്തുള്ളികള്‍ ചിതറിയെറിഞ്ഞേ
മുറ്റംനിറയെ വെള്ളക്കുമിളകള്‍,
പൂക്കുലപോലവ പൊട്ടിവിടര്‍ന്നേ....

വീശിയടിച്ചൊരുകാറ്റില്‍പ്പെട്ടാ
ചില്ലകളൊക്കെയുമാടിയുലഞ്ഞേ
മേടച്ചൂടിലുണങ്ങിമടുത്തൊരു
താരുലതാദികളീ‍റനണിഞ്ഞേ.....

പുഴയും, തൊടിയും, കിണറും, കുളവും
പുതുവെള്ളത്താല്‍ മുങ്ങിനിറഞ്ഞേ
പാടത്തും കൈത്തോട്ടീലുമെല്ലാം
പൊന്‍പരല്‍മീനുകള്‍ നീന്തിനടന്നേ..

വേനല്‍ച്ചൂടിലുണങ്ങിയ പാടം
പുത്തന്മഴയുടെ ഗന്ധമണിഞ്ഞേ
മണ്ണിലമര്‍ന്നുമയങ്ങിയുറങ്ങിയ
വിത്തുകളെല്ലാം കണ്ണുതുറന്നേ....

ആമഴ പുതുമഴ നനയാനായി
കുട്ടിളെല്ലാം തൊടിയില്‍ നിരന്നേ
പുത്തന്‍പൂക്കുടചൂടീട്ടവരാ
മഴയില്‍ മുങ്ങിരസിച്ചു നടന്നേ...














ചിത്രീകരണം : സഹയാത്രികന്‍

Sunday, September 23, 2007

മുണ്ടകന്‍ പാടത്തെ കാക്കപ്പെണ്ണ്

മുണ്ടകന്‍ പാടത്തെ പേരാലിന്‍ കൊമ്പത്ത്
കൂടൊന്നു കൂട്ടിയാക്കാക്കപ്പെണ്ണ്
ചുള്ളിക്കൊമ്പൊരോന്നടുക്കിയാ കൊമ്പത്ത്
കൂടൊന്നു കെട്ടിയാക്കാക്കപ്പെണ്ണ്......

പൊന്നിവൈക്കോലിനാല്‍മെത്തയിട്ടിട്ടതില്‍‍
മുട്ടകള്‍മൂന്നിട്ടേ കാക്കപ്പെണ്ണ്
തള്ളയാകാമെന്ന പൂതിയിലായ് മനം
തുള്ളിക്കളിച്ചു‍പോയ് കാക്കപ്പെണ്ണ്......

ആവഴിപോയൊരു പൂങ്കുയിലാപ്പാവം
കാക്കപ്പെണ്ണിന്‍ കൂട്ടില്‍കണ്ണുവച്ചു
കാക്കച്ചി തീറ്റയ്ക്കായ് പോയൊരുനേരത്താ-
കാക്കപ്പെണ്ണിന്‍ കൂട്ടില്‍ മുട്ടയിട്ടു.......

മുട്ടകള്‍ നാലെണ്ണമായൊരുകാരിയം
കാക്കപ്പെണ്ണൊട്ടുമറിഞ്ഞതില്ല
മുട്ടകള്‍മേലേ അടയിരുന്നൂ പെണ്ണ്
കുഞ്ഞുങ്ങളേയും കിനാവുകണ്ട്......

മുട്ടവിരിഞ്ഞുപുറത്തുവന്നു, കരി-
ങ്കുട്ടന്മാര്‍ കുഞ്ഞുങ്ങള്‍ നാലുപേരും
തീറ്റിച്ചും ലാളിച്ചും പോറ്റിയവരെയാ
കാക്കമ്മയേറ്റം കരുതലോടെ.....

ഏറെനാളായില്ലതിനുമുമ്പെതന്നെ
കുഞ്ഞിക്കുയിലു കുറുമ്പുകാട്ടി
കാക്കയും മക്കളും നോക്കിനില്‍ക്കേയവന്‍
ദൂരെപ്പറന്നുപറന്നുപോയി!

Tuesday, September 18, 2007

മിന്നിത്തിളങ്ങുന്ന താരകമേ

മൂവന്തിനേരത്തങ്ങാകാശക്കോണിലായ്
മിന്നിത്തിളങ്ങുന്ന താരകമേ
അമ്പിളിമാമനോടൊത്തുകളിയാടാന്‍
ഞാനും പോരട്ടയോ നിന്നോടൊപ്പം?

തെല്ലുനേരം കഴിഞ്ഞമ്പിളിപോകുമ്പോ‌-
ളൊറ്റയ്ക്കു നില്‍ക്കുവാന്‍ പേടിയുണ്ടോ?
ആധിവേണ്ടൊട്ടുമേ കൂടെക്കളിക്കുവാന്‍
കൂട്ടുകാരൊത്തിരി കൂടെയില്ലേ?

ആകാശത്തായിരം ദീപംതെളിച്ചപോല്‍
പൊന്നൊളിതൂകുമീ പൂക്കളൊപ്പം
പാറിപ്പറന്നവിടങ്ങുനടക്കുവാ-
നെന്തൊരു ചേലായിരിക്കുമല്ലേ?

വിണ്ണില്‍ പറക്കുവാന്‍ മോഹമുണ്ടെങ്കിലും
കുഞ്ഞിച്ചിറകുകളില്ലെനിക്ക്.
ആയതിനാലങ്ങു വാനിലേക്കെത്തുവാന്‍
ആവതില്ലല്ലോ ഹാ, എന്തുകഷ്ടം !













ചിത്രീകരണം : സഹയാത്രികന്‍

Thursday, September 13, 2007

ഓണംവന്നേ

കവിതയെഴുതാന്‍ അറിയാവുന്നതുകൊണ്ടല്ല ഇങ്ങനെയൊരു സാഹസത്തിനൊരുങ്ങിയത്..

മഴത്തുള്ളി മാത്യുസാറും, മനുവുമൊക്കെ കുഞ്ഞിക്കവിതകള്‍ എഴുതുന്നത് കൌതുകത്തോടെ വായിച്ചിട്ടുണ്ട്. അതുപോലെ എഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാശിച്ചിട്ടും ഉണ്ട്.

അപ്പോഴാണ് ഗൂഗിള്‍ ചാറ്റ് വിന്റോയില്‍ ഒരുദിവസം മാത്യൂസ് രണ്ടുവരി കുഞ്ഞിക്കവിത എഴുതിയത്. വെറുതേ ഒരു തമാശയ്ക്ക് ബാക്കി രണ്ടുവരി ഞാനും എഴുതി. പിന്നെ വരികള്‍ ചേര്‍ത്ത് അത് വലുതാക്കി. അങ്ങനെ ചാറ്റിലൂടെ ജനിച്ച ഒരു കുഞ്ഞിക്കവിതയാണിത്.

ഈ വര്‍ഷത്തെ ഓണം കഴിഞ്ഞുപോയി. പക്ഷേ, മലയാളവും മലയാളിയും ഉള്ളിടത്തോളം മനസ്സില്‍ ഓണവും അതിന്റെ ബിംബങ്ങളും ഉണ്ടാവും. അങ്ങനെ ചില ഓണച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുഞ്ഞിക്കവിതയാണിത്.


ഈ കവിത എല്ലാ കുട്ടികള്‍ക്കും, മഴത്തുള്ളീമാത്യുസിനും വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു:

സ്നേഹപൂര്‍വ്വം,
അപ്പു



ഓണംവന്നോണംവന്നോണം വന്നേ
മലയാളക്കരയിലിന്നോണം വന്നേ
മാവേലിത്തമ്പ്രാനെ സ്വീകരിക്കാന്‍

നാടുംനാട്ടാരുമൊരുങ്ങിനിന്നേ

ഓണവിളക്കുകള്‍ കണ്‍തുറന്നു
ഓണനിലാവു തെളിഞ്ഞുനിന്നൂ
തുമ്പയും പിച്ചിയും മുക്കുറ്റിയും
പൂക്കുലയാട്ടിച്ചിരിച്ചുനിന്നൂ

കൂട്ടുകാരെല്ലാരുമൊത്തുകൂടി
കുമ്പിളില്‍ പൂക്കളിറുത്തുവന്നൂ
മുറ്റമൊരുക്കി, തിരിതെളിച്ചൂ
ചന്തത്തില്‍ പൂക്കളമൊന്നൊരുക്കീ

പുത്തനുടുപ്പും കുറിയുമിട്ട്
കുട്ടികളെല്ലാരുമൊത്തു ചേര്‍ന്നു
കൊട്ടും കുരവയും പാട്ടുമായി
"പുള്ളിപ്പുലി"കളും വന്നുചേര്‍ന്നു.

ചോറുംകറികളും പായസവും
ചേലോടിലയില്‍ വിളമ്പിയമ്മ
കുഞ്ഞിവയറുനിറയുവോളം
കുഞ്ഞുങ്ങളെല്ലാരുമോണമുണ്ടു.

നാലുനാളോണം കഴിഞ്ഞനേരം

കൊഞ്ചിക്കൊണ്ടമ്മയോടുണ്ണി ചൊന്നാന്‍
എന്നുമിതുപോലെ ഓണമായാല്‍
എന്തു രസമായിരിക്കുമമ്മേ ?



ഈ കവിത ഐശ്വര്യക്കുട്ടി പാടിയിരിക്കുന്നതു കേള്‍ക്കണോ? ദേ ഇവിടെ ക്ലിക്കുചെയ്യൂ.