Tuesday, September 9, 2008

പൂക്കളം

അത്തം പത്തിനു പൊന്നോണം
പൂക്കളമൊന്നു ചമയ്ക്കേണം
വീടുകള്‍ തോറും ഓണത്തപ്പനു
വരവേല്‍പ്പങ്ങനെ നല്‍കേണം..

മുറ്റമൊരുക്കിത്തറ മെഴുകീ
നടുവില്‍ തുളസിക്കതിര്‍ ചാര്‍ത്തീ
പുലരിയുണര്‍ത്തും പൂക്കളിറുക്കാന്‍
കുട്ടികളെല്ലാം വരവായീ

കോളാമ്പിപ്പൂ, തുമ്പപ്പൂ,
മുക്കുറ്റിപ്പൂ, മത്തപ്പൂ,
മന്ദാരപ്പൂ, തെച്ചിപ്പൂ, ചെറു-
കൊങ്ങിണിയങ്ങനെയെന്തെല്ലാം..!!

തൊടിയില്‍ പാടവരമ്പുകളില്‍
പുഞ്ചിരി തൂകുമരിപ്പൂക്കള്‍
പൂപ്പൊലി കൂട്ടും കുഞ്ഞുങ്ങള്‍ തന്‍
വട്ടിയില്‍ നിറയേ വര്‍ണ്ണങ്ങള്‍..!!

കുട്ടികള്‍വട്ടമിരുന്നിട്ടാ
പൂക്കളമിട്ടൂ ചേലോടെ..
മൂലയിലെല്ലാം കൃഷ്ണകിരീടം
തൃക്കാരപ്പനതിന്‍ ചാരേ..

ആനന്ദപ്പൂവിളി പൊങ്ങീ
വന്നെത്തീടുക മാവേലീ..
ഓലക്കുടയും ചൂടീ മെതിയടി-
മേലെയെണയുക മാവേലീ..

ഉള്ളില്‍പ്പൂക്കും സന്തോഷം,
മധുരം പകരും പൊന്നോണം..
വര്‍ഷം നീളെപ്പുലരട്ടെ, പുതു-
ഹര്‍ഷം ഓണമതെന്നോണം..!!ഒരു മേമ്പൊടിയായി ഞാന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിതകൂടി ഇവിടെ കിടക്കട്ടെ “ഓണംവന്നേ..“

======

ബിന്ദു കെ.പി എന്ന ബ്ലോഗര്‍ എഴുതിയ അല്പം പഴയ, എന്നാല്‍ അതുകൊണ്ടുതന്നെ അതിമനോഹരമായ ഒരു ഓണസ്മരണ ഇവിടെയുണ്ട്. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ കുട്ടിക്കവിത എഴുതിയിട്ടുള്ളത്.

ഈ കവിത ബിന്ദുവിന് തന്നെ സമര്‍പ്പിക്കുന്നു
.31 comments:

മഴത്തുള്ളി said...

[{{(ഠേ)}}].............. കിടക്കട്ടെ ഒരു തേങ്ങ ;)

ഈ വര്‍ഷത്തെ ഓണക്കവിതയും കഴിഞ്ഞവര്‍ഷത്തേപ്പോലെ അടിപൊളി മാഷേ. :)

ഇന്നാ എന്റെ 2 ലൈന്‍ :

"അത്തം മുറ്റത്തെത്തിയ കണ്ടോ
പത്താം നാളില്‍ തിരുവോണം"

അപ്പു said...

മഴത്തുള്ളി മാഷേ, തേങ്ങയ്ക്കും രണ്ടുവരിക്കും നന്ദി. ഇനി വരുന്നവര്‍ വരുന്നവര്‍ ഈരണ്ടുവരി എഴുതി ബിന്ദുവിന്റെ പോസ്റ്റ് മുഴുവനായും ഒരു കവിതയായി മാറട്ടെ.

ശ്രീ said...

ആഹാ... ഓണക്കാലമായിട്ടും ഓണപ്പാട്ടുകള്‍ ഒന്നും എന്തേ എഴുതാത്തത് എന്നു ചോദിയ്ക്കണം എന്നു കരുതിയിരിയ്ക്കുകയായിരുന്നു... നല്ലൊരു ഓണപ്പാട്ട്... ഇഷ്ടായി. :)

♫ ഓണത്തുമ്പികള് പാറുന്നൂ
ഓണനിലാവു പരക്കുന്നൂ
ഓര്മ്മയിലെങ്ങും ഓണപ്പാട്ടിന്
മാറ്റൊലി മാത്രം കേള്ക്കുന്നൂ... ♫

ഓണാശംസകള്‍, അപ്പുവേട്ടാ...

ബിന്ദു കെ പി said...

കവിത വായിച്ചു. നന്ദി പറയാന്‍ വാക്കുകളില്ല...സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയുന്നു..

G.manu said...

നല്ലൊരു ഓണക്കവിത.
ആശംസകള്‍ അപ്പൂസ്

ബൈജു സുല്‍ത്താന്‍ said...

ഓണം കെങ്കേമമാക്കാന്‍ അപ്പുവേട്ടന്റെ കവിതയും.. വളരെ സന്തോഷം. !

കാന്താരിക്കുട്ടി said...

ഓണത്തിനു കുട്ടികള്‍ക്ക് പാടി രസിക്കാന്‍ നല്ലൊരു കുട്ടിക്കവിത..നന്നായി ‘

nardnahc hsemus said...

ഇതിന്റെ ട്യൂണ്‍ എനിക്കു വഴങ്ങുന്നില്ല... ഓണത്തിന്റെ ഡെഡ് ലൈന്‍ മനസ്സില്‍ കണ്ട് കായക്കുലകള്‍ ചുണ്ണാമ്പിട്ട് പഴുപ്പിച്ചപോലെ... ചിലപ്പൊ എന്റെ കുഴപ്പമാവും.
ഇനി ഓരോ പാരയ്ക്കും ഓരോ ട്യൂണ്‍ ആണോ? (അയ്യോ ആ പാരയല്ല, പാരഗ്രാഫ് എന്നേ ഞാനുദ്ദേശിച്ചുള്ളൂ...)

smitha adharsh said...

കുട്ടി കവിത..അസ്സലായി..

ചന്ദ്രകാന്തം said...

ഓണം വന്നേ.....

"വര്‍ഷം നീളേപുലരട്ടെ പുതു-
ഹര്‍ഷം ഓണമതെന്നോണം!"

പൊന്നോണാശംസകള്‍...!!!

കുഞ്ഞന്‍ said...

ഓണം വന്നേ ഓണം വന്നേ
ഓണത്തപ്പനും വന്നേ..
ഓണപ്പൂപറിക്കാനായി
പൂക്കൂടയുമായി കുട്ടികളും

അപ്പു മാഷെ.. കുഞ്ഞിക്കവിത നന്നായിട്ടുണ്ട്.

എന്റെ ഓണാശംസകള്‍>>> അപ്പു,ദീപ ഉണ്ണിമോള്‍ മനുക്കുട്ടന്‍

Sharu.... said...

കുട്ടിക്കവിത സൂപ്പറായി... എല്ലാവര്‍ക്കും പൊന്നോണാശംസകള്‍ :)

നിരക്ഷരന്‍ said...

ഓണക്കവിത നന്നായി. ഇനി ബിന്ദൂന്റെ കവിത വായിക്കട്ടെ.

nardnahc hsemus said...

ഇപ്പോള്‍ നന്നായി.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഓണാശംസകള്‍..

സാജന്‍| SAJAN said...

ആഹാ നന്നായിട്ടുണ്ടന്നേ, എന്താന്നാല്ലേ, ആ പ്രൊഫൈല്‍ പടം !
അതിനു ചേരുന്ന കവിതയും!
കവിത കണ്ട് പടം വരച്ചതാണോ പടം കണ്ട് കവിത എഴുതിയതാണോ എന്നൊരു സംശയം മാത്രമേ ബാക്കിയുള്ളൂ:)
മനോഹരമായ ഓണാശംസകള്‍,
പായസവും പ്രഥമനും ഒന്നും അധികംകുടിക്കണ്ടാട്ടോ വയറിനു കേടാ:(

സ്നേഹിതന്‍ | Shiju said...

ആഹാ എല്ലാരും കവിത എഴുതി ,ഞാന്‍ എന്തിനാ വെറുതെ ഇരിക്കുന്നേ ദാ പിടിച്ചോ 2 വരി കവിത..

ഓണം വന്ന് ഓണം വന്നേ
മാണിക്ക്യ ചെമ്പഴുക്ക...

ഇതു എന്റെ കവിതയല്ല അറിയാവുന്ന ആരോ പണ്ട് എഴുതിയതാ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഓണക്കവിത

ഓണാശംസകള്‍

ആഗ്നേയ said...

നല്ല ഈണത്തിലുള്ള ഓണസമ്മാനം...
അപ്പുവിനും കുടുംബത്തിനും ഓണാശംസകള്‍!

മഴത്തുള്ളി said...

ഇപ്പോ ഒന്നുകൂടി അടിപൊളിയായി. :)

ഓ.ടോ : കഴിഞ്ഞ വര്‍ഷത്തേ തേങ്ങ ഉടക്കലും ഈ വര്‍ഷത്തെ തേങ്ങ ഉടക്കലും എനിക്ക് സ്വന്തം. അടുത്ത വര്‍ഷം ഇതിലും നല്ലൊരു ഓണപ്പാട്ടുമായി വരിക. സുല്ലിന്റെ തേങ്ങാ ഉടക്കല്‍ നിലച്ചെന്നു തോന്നുന്നു. ഹി ഹി.

അപ്പു said...

കവിത വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും, ഓണാശംസ അറിയിച്ചവര്‍ക്കും നന്ദി.

സുമേഷിന്റെ സത്യസന്ധമായ കമന്റാണ് ഈ കവിതയെ അതിന്റെ ആദ്യരൂ‍പത്തില്‍ നിന്ന് ഈ രൂപത്തില്‍ എത്തിച്ചത്. നന്ദി സുമേഷ്.

ചന്ദ്രകാന്തത്തിന്റെ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.


മത്തായിച്ചാ ഇതിനാണു ഗുരുത്വം എന്നു പറയുന്നത്. :-) (ഗുരു ഒന്നും എഴുതാതാവുകയും ചെയ്തു :-(

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടീ നന്ദി

Anonymous said...

ഞാനിത്തിരി വൈകിയോ അപ്പൂ... ഓണക്കവിതകളും കുറിപ്പുകളുമെല്ലാം മനസില്‍ മലയാണ്‍മ നില നിര്‍ത്തുന്നു...
അഭിനന്ദനങ്ങള്‍..ആശംസകള്‍...
....................
....................
"തൂത്തു വെളുത്തൊരു മുറ്റം നിറയെ
നൃത്തമിടുന്ന കുരുന്നുകളും
ഒത്തൊരുമിച്ചൊരു പൂക്കളമിടണം
പത്തിരുപതു വക പൂ വേണം"
..................
...................

യാരിദ്‌|~|Yarid said...

അപ്പു മാഷെ, ഓണാശംസകള്‍ ആദ്യമെ നേരുന്നു. ഓണപ്പാട്ടിനു ഒരു നന്ദി വേറെ..:)

സുല്‍ |Sul said...

“പൂവിളി പൂവിളി പൊന്നോണമായി....”

അപ്പു കവിത നന്നായി... എന്നാലും കഴിഞ്ഞ വര്‍ഷത്തേതായിരുന്നു ;)

അപ്പു, ദീപ, മനു, ഉണ്ണി എല്ലാര്‍ക്കും ഓണാശംസകള്‍!
-സുല്‍കുടുംബം.

ഒരു ആത്മ സംതൃപ്തിക്കായ്........ said...

കവിത നന്നായിരിക്കുന്നു ഒപ്പം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

kadathanadan said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

Sureshkumar Punjhayil said...

Sharikkum oru oonjaalaadiya pole... Manoharam... Ashamsakal..!!!

കൊട്ടോട്ടിക്കാരന്‍... said...

ഇരുപത്തെട്ടാമോണവും കഴിഞ്ഞാ ഇവിടെയെത്തുന്നത്.
നന്നായി അപ്പൂ, നല്ലവരികള്‍..
എന്റെ ഗിറ്റാറില്‍ റിഥമിട്ട് ഒന്നു പാടിനോക്കി.
4/4ല്‍ നല്ല ഈണത്തില്‍ പാടാന്‍ കഴിയുന്നുണ്ട്.
ആശംസകള്‍...

Anonymous said...

ഓണം കഴിഞ്ഞ് ഒന്നും കാണുന്നില്ലല്ലോ?... ഞാനും തുടങ്ങി ഒരു കുഞ്ഞ് ബ്ലോഗ്... വായിക്കണേ....

മുബാറക്ക് വാഴക്കാട് said...

ഇഷ്ടം...