Wednesday, November 7, 2007

നാടന്‍ചായക്കട

പുല്ലുകുളങ്ങരയമ്പലമുക്കില്‍
നല്ലൊരു ചായക്കടയുണ്ടേ
പലഹാരങ്ങള്‍ പലതുംകിട്ടും
പിള്ളേച്ചന്‍‌തന്‍ കടയുണ്ടേ.

ചില്ലലമാരിയില്‍ നിറയെച്ചൂടന്‍
വടയും നല്ലൊരു ബോളിയതും
പൊരിയന്‍ പഴവും ബോണ്ടകളും
ചെറുനെയ്യപ്പങ്ങളുമുണ്ടയ്യാ...!!

മച്ചില്‍ക്കെട്ടിയകയറില്‍ത്തൂക്കിയ
നല്ലപഴുത്ത പഴക്കുലയും
പുട്ടും കടലേം ദോശയുമെല്ലാ-
മുണ്ടീനാടന്‍ കടതന്നില്‍.

“തെക്കേബഞ്ചിന്നങ്ങേയറ്റത്തൊരു-
‘കടി’ നല്ലൊരു ചായയതും
രാമുണ്ണിക്കൊരു പുട്ടും കടലേം”
ഓഡറെടുത്തൂ പിള്ളേച്ചന്‍.

നീളനരിപ്പയിലിത്തിരിചായ-
പ്പൊടിയിട്ടതിലേക്കൊന്നായി
ആവിപറക്കുംവെള്ളമൊഴിച്ചാ
ചായ‘യടി’ച്ചൂ ചാക്കോച്ചന്‍

ചൂടോടങ്ങനെപത്രവിശേഷം
കുട്ടപ്പേട്ടന്‍ വായിക്കേ
പതപതയുന്നൊരു ചായനുണഞ്ഞാ
വാര്‍ത്തകള്‍കേള്‍ക്കുന്നൊരുകൂട്ടര്‍

നാട്ടുവിശേഷം പറയാനും ചെറു-
ചര്‍ച്ചകള്‍ പലതതുകേള്‍ക്കാനും
എത്തീപലരും, കച്ചവടം‌പല-
വിധമതു ബഹളംപൊടിപൂരം!

അലമാരയിലെയപ്പംനോക്കി
കൊതിയോടിങ്ങനെ ചൊന്നുണ്ണി
അമ്മേ കടയിലെയപ്പംതിന്നാ-
നെന്തൊരു രുചിയാണാഹാഹാ...!!

“കുട്ടികളെല്ലാമിങ്ങനെയാണീ
കടയിലെയപ്പമവര്‍ക്കിഷ്ടം”
അമ്മചിരിച്ചിട്ടുണ്ണിയ്കായാ
ബോണ്ടകള്‍ വാങ്ങീമൂന്നെണ്ണം!












ചിത്രീകരണം : സഹയാത്രികന്‍

28 comments:

G.MANU said...

മച്ചില്‍ക്കെട്ടിയകയറില്‍ത്തൂക്കിയ
നല്ലപഴുത്ത പഴക്കുലയും
പുട്ടും കടലേം ദോശയുമെല്ലാ-
മുണ്ടീനാടന്‍ കടതന്നില്‍.


hai....hai.....kothivarunne kothivarunne..
appoose..kalakki

ശ്രീ said...

അപ്പുവേട്ടാ...

നല്ല ഈണം... നന്നായിട്ടുണ്ട്.

അപ്പൊ ചൂടോടെ ഒരു ചായ പോരട്ടേ...

:)

മഴത്തുള്ളി said...

“തെക്കേബഞ്ചിന്നങ്ങേയറ്റത്തൊരു-
‘കടി’ നല്ലൊരു ചായയതും
രാമുണ്ണിക്കൊരു പുട്ടും കടലേം”
ഓഡറെടുത്തൂ പിള്ളേച്ചന്‍.

അയ്യോ എനിക്കുമൊരു കടിതായോ, ഞാന്‍ ഇങ്ങു വടക്കേ ബഞ്ചിനറ്റത്താ‍.............. :)

അടിപൊളി അപ്പൂ. നിങ്ങളാളൊരു പുലി തന്നെ. ആശംസകള്‍.

ഓ.ടോ. : തേങ്ങ അടി നടന്നില്ല. അത് ഞാന്‍ മനുവിന് ഇവിടെ വച്ച് കൊടുത്തോളാം ;)

ശിശു said...

ചൂടോടങ്ങനെപത്രവിശേഷം
കുട്ടപ്പേട്ടന്‍ വായ്ക്കുന്നൂ

ഇവിടെ ഒരു കടി ഇല്ലെ മാഷെ?,

ചൂടോടങ്ങനെ പത്രവിശേഷം
കുട്ടപ്പേട്ടന്‍ വായിക്കെ-

എന്നായാല്‍??

അപ്പൂസ് തകര്‍ക്കുവാണല്ലൊ?, ഹൃദ്യം ഈ ചായക്കട.. അഭിനന്ദനങ്ങള്‍.

[ nardnahc hsemus ] said...

കൊള്ളാം അപ്പു നന്നായിട്ടുണ്ട്.


മാത്യൂ സാറേ.. ‘കടി‘ ഞാന്‍ തന്നാ മതിയോ? സാധാരണ കടിയല്ല.. പൊക്കിളിനുതാഴെ 12 കുത്ത് വേണ്ടിവരുന്ന ഒരു കടി...! I'm Expert in that! :P

സഹയാത്രികന്‍ said...

ങ്ങള് കൊള്ളാലോ മാഷേ...

നന്നായിട്ടുണ്ട്ട്ടാ

മഴത്തുള്ളി said...

സുമേഷ് സാറേ........ വെറുതെയല്ല, ഞാന്‍ കേട്ട വാര്‍ത്ത ശരിയായിരുന്നല്ലേ ??? “കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍” എന്ന തലക്കെട്ടോടെ..

ഇത് കടിവേറെ അപ്പുവിനറിയാം ആ കടി. അല്ലെങ്കില്‍ പിള്ളേച്ചന്‍ തരും എനിക്കൊരു കടി. ;)

ഓ.ടോ. : ഇനി ഞാന്‍ മുംബൈക്ക് ഇല്ലേയില്ല :( ഞാന്‍ അന്റാര്‍ട്ടിക്ക വഴി ഉഗാണ്ടയിലേക്ക് നാടുവിട്ടു.

[ nardnahc hsemus ] said...

“കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍” എന്ന തലക്കെട്ടോടെ..“

തലയില്‍ കെട്ടാന്‍ ഞാനാരുടെയും തലയില്‍ കടിച്ചിട്ടില്ല (ഹഹ). കടിയേറ്റവര്‍ കോട്ടയത്തുമാത്രമല്ല മൊത്തം കേരളത്തില്‍ ആശുപത്രികളിലാ... പിന്നേ.. മുംബൈയി വന്ന് കടി കടി എന്നു പറയരുത്... മോരു കടലപൊടിയില്‍ കാച്ചിയുണ്ടാക്കുന്ന സൂപ്പുപോലൊരു കറിയുണ്ട്.. യെവന്മാര്‍ അതെടുത്തു തരുവേ....

പിന്നെ , അപ്പുമാഷേ, ഞാന്‍ നിങടെ നാട്ടിലേയ്ക്കേ ഇല്ല.. ആ പതപതയുന്ന ചായയെങാന്‍ തന്നാല്‍ “ഹൊ എനിയ്ക്കാലോചിക്കാനേ വയ്യ” എന്തുവാ അത്? സര്‍ഫോ അതോ ടൈഡോ?? എന്തായാലും വരൂന്നെങ്കില്‍, നാപ്പി കെട്ടിയിട്ടേ വരൂ.... ഹഹഹ

Rasheed Chalil said...

അലവിക്കാക്കയുടെ പീടികയില്‍ പോയ പ്രതീതി...

സുല്‍ |Sul said...

“തെക്കേബഞ്ചിന്നങ്ങേയറ്റത്തൊരു-
‘കടി’ നല്ലൊരു ചായയതും
രാമുണ്ണിക്കൊരു പുട്ടും കടലേം”
ഓഡറെടുത്തൂ പിള്ളേച്ചന്‍.

ഒരു ചായക്കടയിലെത്തിയ സുഖം അപ്പൂ. കുട്ടികവിതയായാലും മുതിര്‍ന്നവര്‍ക്കേ ഇതുള്‍കൊള്ളാനാവു :) നന്നായിട്ടുണ്ട്
-സുല്‍

ചന്ദ്രകാന്തം said...

ഉണ്ണിയ്ക്കു മാത്രം മത്യോ.. പലഹാരം..
അത്‌ കഷ്ടമല്ലെ. അതുകൊണ്ട്, ഉണ്ണീടെ അമ്മ...

ഉണ്ണീടേട്ടനു,മേട്ടത്തിയ്ക്കും,
വീട്ടിലിരിയ്ക്കും മുത്തശ്ശിയ്ക്കും,
വാങ്ങീ, വടയും, പൊരിയന്‍ പഴവും
നെയ്യപ്പങ്ങളുമഞ്ചെണ്ണം...!!!

ചീര I Cheera said...

നല്ല സുഖത്തില്‍ വായിച്ചു, നല്ല ഒഴുക്കു തോന്നി...
ഇഷ്ടമായി ഇത്.... :)

ശ്രീഹരി::Sreehari said...

ഇഷ്ടമായി :)

ഉപാസന || Upasana said...

അപ്പൂട്ടാ
ഇങ്ങനെ കൊതിപ്പിക്കാതെടാ..
ന്നല്ല കവിത
:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

ചില്ലലമാരിയില്‍ നിറയെച്ചൂടന്‍
വടയും നല്ലൊരു ബോളിയതും
പൊരിയന്‍ പഴവും ബോണ്ടകളും
ചെറുനെയ്യപ്പങ്ങളുമുണ്ടയ്യാ...!!


ദേ എന്റെ നാവില്‍ ടൈറ്റാനിക്

ആവനാഴി said...
This comment has been removed by the author.
ആവനാഴി said...

പുല്ലുകുളങ്ങരയമ്പലമുക്കില്‍
വണ്ടിയിറങ്ങിയ വാസുക്കൈമള്‍
പിള്ളേച്ചന്നുടെ ചായക്കടയില്‍
‍വടയും ബോളിപ്പഴവും വാങ്ങി
തെരുതെരെ മോദാലങ്ങു നടന്നൂ
ഭാര്യാഗേഹം പൂകിടുവാനായ്
ഭാര്യക്കാണേല്‍ മാസം പത്ത്
വടയും പഴവും തിന്നാനാശ.

ഏ.ആര്‍. നജീം said...

അപ്പൂ, ശരിക്കും ആസ്വദിച്ചു വായിട്ടൂട്ടോ....
ഈണത്തില്‍ ചൊല്ലാനുമായി

ശ്രീലാല്‍ said...

അപ്പുവേട്ടാ, ഇന്ന് പുലര്‍ച്ചെ വന്നു ചായ കുടിച്ചതാ നിങ്ങളുടെ ചായക്കടയില്‍ നിന്ന്. ഇപ്പൊ ദേ വൈകുന്നേരം, ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്നിട്ട് ഒന്നുകൂടി കയറി. ചാക്കോച്ചന്റെ ചായ ചൂടോടെ കുടിച്ചുകൊണ്ടിരിക്കുന്നു ഇപ്പൊ..എന്തൊരുന്മേഷം..

ബോണ്ട കിട്ടിയ ആ കുട്ടിയുടെ അതേ സന്തോഷം ഈ കവിത വായിച്ച എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ടാവും എന്നു കരുതുന്നു.


നാടന്‍ ചായക്കടാന്നു പറയണോ? ചായക്കട എന്നു പറയുമ്പോള്‍ത്തന്നെ ഒരു നാടന്‍ ടച്ചില്ലേ ?

രാവിലെ വായിച്ചപ്പോള്‍ ഉറക്കം ശരിക്കും പോയില്ല എന്നു തോന്നുന്നു. അതായിരിക്കണം താളം പ്രശ്നമായത്. ദേയ്, ഇപ്പൊ നോക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല.

-ഇനി എപ്പൊഴാ അടുത്തത്...?

Sethunath UN said...

ഹ!
ന‌ല്ല രസ്സം അപ്പൂ. ഉഷാ‌ര്‍!

അപ്പു ആദ്യാക്ഷരി said...

ചായക്കടയില്‍ ചായകുടിക്കാനെത്തിയ എല്ലാവര്‍ക്കും ഓരോ ബോണ്ടയും ചായയും ഇഷ്ടമുള്ളപ്പോള്‍ വന്ന് കുടിക്കാവുന്നതാണ്. പൈസ ഞാന്‍ കൊടുത്തോളാം.

മനു, ശ്രീ, മഴത്തുള്ളി, ശിശു, സുമേഷ, സഹയാത്രികന്‍, ഇത്തിരി, സുല്ല്, ചന്ദ്രകാന്തം, പീ.ആര്‍, ശ്രീഹരി, ഉപാസന, വാല്‍മീകി, ആവനാഴിച്ചേട്ടന്‍, നജീം, ശ്രീലാല്‍, നിഷ്ക്കളങ്കന്‍ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Murali K Menon said...

“അപ്പൂപ്പനു പൊറത്തൊരു കടി” ചായക്കടയുടെ അകത്തിരുന്ന അമ്മൂമ്മ പുറത്തിരുന്ന അപ്പൂപ്പനു വേണ്ടി വിളിച്ചുപറഞ്ഞു.

ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമത്തിലെ പഴയ ആ ചായക്കടയുടെ ചിത്രം ഭംഗിയായ് അവതരിപ്പിച്ച അപ്പുവിനു അഭിനന്ദനങ്ങള്‍

അപ്പു ആദ്യാക്ഷരി said...

ഹരികുമാറിനും മുരളിയേട്ടനും നന്ദി.

ഗീത said...

ഹായ് ഹായ് വായേല്‍ വെള്ളമൂറുന്നൂ.........
കപ്പലോടിക്കാം.....

എന്റെ ഗ്രാമത്തിലെ ചായക്കറ്റ ഒര്‍മവരുന്നു...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉഷാറായി അപ്പൂ...
:)

അലി said...

കൊള്ളാം
രസകരമായി...
അഭിനന്ദനങ്ങള്‍.

Mahesh Cheruthana/മഹി said...

മുരളിയേട്ടന്‍പറഞ്ഞതു പോലെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ചായക്കടയുടെ സുഖമുള്ള ഒരു ഓര്‍മപ്പെടുത്തല്‍!