അത്തം പത്തിനു പൊന്നോണം
പൂക്കളമൊന്നു ചമയ്ക്കേണം
വീടുകള്‍ തോറും ഓണത്തപ്പനു
വരവേല്‍പ്പങ്ങനെ നല്‍കേണം..
മുറ്റമൊരുക്കിത്തറ മെഴുകീ
നടുവില്‍ തുളസിക്കതിര്‍ ചാര്‍ത്തീ
പുലരിയുണര്‍ത്തും പൂക്കളിറുക്കാന്‍
കുട്ടികളെല്ലാം വരവായീ
കോളാമ്പിപ്പൂ, തുമ്പപ്പൂ,
മുക്കുറ്റിപ്പൂ, മത്തപ്പൂ,
മന്ദാരപ്പൂ, തെച്ചിപ്പൂ, ചെറു-
കൊങ്ങിണിയങ്ങനെയെന്തെല്ലാം..!!
തൊടിയില്‍ പാടവരമ്പുകളില്‍
പുഞ്ചിരി തൂകുമരിപ്പൂക്കള്‍
പൂപ്പൊലി കൂട്ടും കുഞ്ഞുങ്ങള്‍ തന്‍
വട്ടിയില്‍ നിറയേ വര്‍ണ്ണങ്ങള്‍..!!
കുട്ടികള്‍വട്ടമിരുന്നിട്ടാ
പൂക്കളമിട്ടൂ ചേലോടെ..
മൂലയിലെല്ലാം കൃഷ്ണകിരീടം
തൃക്കാരപ്പനതിന്‍ ചാരേ..
ആനന്ദപ്പൂവിളി പൊങ്ങീ
വന്നെത്തീടുക മാവേലീ..
ഓലക്കുടയും ചൂടീ മെതിയടി-
മേലെയെണയുക മാവേലീ..
ഉള്ളില്‍പ്പൂക്കും സന്തോഷം,
മധുരം പകരും പൊന്നോണം..
വര്‍ഷം നീളെപ്പുലരട്ടെ, പുതു-
ഹര്‍ഷം ഓണമതെന്നോണം..!!
ഒരു മേമ്പൊടിയായി ഞാന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിതകൂടി ഇവിടെ കിടക്കട്ടെ “ഓണംവന്നേ..“
======
ബിന്ദു കെ.പി എന്ന ബ്ലോഗര്‍ എഴുതിയ അല്പം പഴയ, എന്നാല്‍ അതുകൊണ്ടുതന്നെ അതിമനോഹരമായ ഒരു ഓണസ്മരണ ഇവിടെയുണ്ട്. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ കുട്ടിക്കവിത എഴുതിയിട്ടുള്ളത്.
ഈ കവിത ബിന്ദുവിന് തന്നെ സമര്‍പ്പിക്കുന്നു.