Showing posts with label പൂക്കളം.. Show all posts
Showing posts with label പൂക്കളം.. Show all posts

Tuesday, September 9, 2008

പൂക്കളം

അത്തം പത്തിനു പൊന്നോണം
പൂക്കളമൊന്നു ചമയ്ക്കേണം
വീടുകള്‍ തോറും ഓണത്തപ്പനു
വരവേല്‍പ്പങ്ങനെ നല്‍കേണം..

മുറ്റമൊരുക്കിത്തറ മെഴുകീ
നടുവില്‍ തുളസിക്കതിര്‍ ചാര്‍ത്തീ
പുലരിയുണര്‍ത്തും പൂക്കളിറുക്കാന്‍
കുട്ടികളെല്ലാം വരവായീ

കോളാമ്പിപ്പൂ, തുമ്പപ്പൂ,
മുക്കുറ്റിപ്പൂ, മത്തപ്പൂ,
മന്ദാരപ്പൂ, തെച്ചിപ്പൂ, ചെറു-
കൊങ്ങിണിയങ്ങനെയെന്തെല്ലാം..!!

തൊടിയില്‍ പാടവരമ്പുകളില്‍
പുഞ്ചിരി തൂകുമരിപ്പൂക്കള്‍
പൂപ്പൊലി കൂട്ടും കുഞ്ഞുങ്ങള്‍ തന്‍
വട്ടിയില്‍ നിറയേ വര്‍ണ്ണങ്ങള്‍..!!

കുട്ടികള്‍വട്ടമിരുന്നിട്ടാ
പൂക്കളമിട്ടൂ ചേലോടെ..
മൂലയിലെല്ലാം കൃഷ്ണകിരീടം
തൃക്കാരപ്പനതിന്‍ ചാരേ..

ആനന്ദപ്പൂവിളി പൊങ്ങീ
വന്നെത്തീടുക മാവേലീ..
ഓലക്കുടയും ചൂടീ മെതിയടി-
മേലെയെണയുക മാവേലീ..

ഉള്ളില്‍പ്പൂക്കും സന്തോഷം,
മധുരം പകരും പൊന്നോണം..
വര്‍ഷം നീളെപ്പുലരട്ടെ, പുതു-
ഹര്‍ഷം ഓണമതെന്നോണം..!!











ഒരു മേമ്പൊടിയായി ഞാന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിതകൂടി ഇവിടെ കിടക്കട്ടെ “ഓണംവന്നേ..“

======

ബിന്ദു കെ.പി എന്ന ബ്ലോഗര്‍ എഴുതിയ അല്പം പഴയ, എന്നാല്‍ അതുകൊണ്ടുതന്നെ അതിമനോഹരമായ ഒരു ഓണസ്മരണ ഇവിടെയുണ്ട്. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ കുട്ടിക്കവിത എഴുതിയിട്ടുള്ളത്.

ഈ കവിത ബിന്ദുവിന് തന്നെ സമര്‍പ്പിക്കുന്നു
.