മഴത്തുള്ളി മാത്യുസാറും, മനുവുമൊക്കെ കുഞ്ഞിക്കവിതകള്‍ എഴുതുന്നത് കൌതുകത്തോടെ വായിച്ചിട്ടുണ്ട്. അതുപോലെ എഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാശിച്ചിട്ടും ഉണ്ട്.
അപ്പോഴാണ് ഗൂഗിള്‍ ചാറ്റ് വിന്റോയില്‍ ഒരുദിവസം മാത്യൂസ് രണ്ടുവരി കുഞ്ഞിക്കവിത എഴുതിയത്. വെറുതേ ഒരു തമാശയ്ക്ക് ബാക്കി രണ്ടുവരി ഞാനും എഴുതി. പിന്നെ വരികള്‍ ചേര്‍ത്ത് അത് വലുതാക്കി. അങ്ങനെ ചാറ്റിലൂടെ ജനിച്ച ഒരു കുഞ്ഞിക്കവിതയാണിത്.
ഈ വര്‍ഷത്തെ ഓണം കഴിഞ്ഞുപോയി. പക്ഷേ, മലയാളവും മലയാളിയും ഉള്ളിടത്തോളം മനസ്സില്‍ ഓണവും അതിന്റെ ബിംബങ്ങളും ഉണ്ടാവും. അങ്ങനെ ചില ഓണച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുഞ്ഞിക്കവിതയാണിത്.
ഈ കവിത എല്ലാ കുട്ടികള്‍ക്കും, മഴത്തുള്ളീമാത്യുസിനും വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു:
സ്നേഹപൂര്‍വ്വം,
അപ്പു
ഓണംവന്നോണംവന്നോണം വന്നേ
മലയാളക്കരയിലിന്നോണം വന്നേ
മാവേലിത്തമ്പ്രാനെ സ്വീകരിക്കാന്‍
നാടുംനാട്ടാരുമൊരുങ്ങിനിന്നേ
ഓണവിളക്കുകള്‍ കണ്‍തുറന്നു
ഓണനിലാവു തെളിഞ്ഞുനിന്നൂ
തുമ്പയും പിച്ചിയും മുക്കുറ്റിയും
പൂക്കുലയാട്ടിച്ചിരിച്ചുനിന്നൂ
കൂട്ടുകാരെല്ലാരുമൊത്തുകൂടി
കുമ്പിളില്‍ പൂക്കളിറുത്തുവന്നൂ
മുറ്റമൊരുക്കി, തിരിതെളിച്ചൂ
ചന്തത്തില്‍ പൂക്കളമൊന്നൊരുക്കീ
പുത്തനുടുപ്പും കുറിയുമിട്ട്
കുട്ടികളെല്ലാരുമൊത്തു ചേര്‍ന്നു
കൊട്ടും കുരവയും പാട്ടുമായി
"പുള്ളിപ്പുലി"കളും വന്നുചേര്‍ന്നു.
ചോറുംകറികളും പായസവും
ചേലോടിലയില്‍ വിളമ്പിയമ്മ
കുഞ്ഞിവയറുനിറയുവോളം
കുഞ്ഞുങ്ങളെല്ലാരുമോണമുണ്ടു.
നാലുനാളോണം കഴിഞ്ഞനേരം
കൊഞ്ചിക്കൊണ്ടമ്മയോടുണ്ണി ചൊന്നാന്‍
എന്നുമിതുപോലെ ഓണമായാല്‍
എന്തു രസമായിരിക്കുമമ്മേ ?
ഈ കവിത ഐശ്വര്യക്കുട്ടി പാടിയിരിക്കുന്നതു കേള്‍ക്കണോ? ദേ ഇവിടെ ക്ലിക്കുചെയ്യൂ.