Showing posts with label തത്ത. Show all posts
Showing posts with label തത്ത. Show all posts

Tuesday, May 20, 2008

പാറിവാ പച്ചക്കിളീ

പച്ചച്ചപ്പാടത്തെ പച്ചക്കതിര്‍കൊത്താന്‍
പച്ചപ്പനന്തത്തക്കൂട്ടമെത്തി
പച്ചനിറത്തിലാ കാടുതന്നെ പറ-
ന്നെത്തിയതോ നല്ല ശേലുതന്നെ !

ഒച്ചവച്ചങ്ങിങ്ങു പാറിപ്പറന്നിട്ടു
മിന്നല്‍പ്പിണര്‍പോലെ പാഞ്ഞിറങ്ങി
മൂര്‍ച്ചയേറുന്നൊരാ കൊക്കാലരിഞ്ഞവര്‍
പ്പച്ചക്കതിര്‍ക്കുല തണ്ടറുത്തൂ

പാടത്തിന്നക്കരെ നില്‍ക്കുന്നൊരാഞ്ഞിലി
ക്കൊമ്പിലേക്കാക്കിളി കൂട്ടരെത്തി
നെന്മണിയോരാന്നായ് പൊട്ടിച്ചു പൊട്ടിച്ചു
നെന്മണിപ്പാലു കുടിച്ചു മെല്ലെ

വീണ്ടും പറന്നുപോയ് നെല്‍ക്കതിര്‍ കൊത്തുവാന്‍‍
ആരെയും തെല്ലുമേ കൂസിടാതെ,
പാടിയും പാലുനുകര്‍ന്നുമാ തത്തകള്‍
കുഞ്ഞിവയറു നിറച്ചു വേഗം


പാടത്തിനപ്പുറം കുന്നിന്‍ ചെരുവിലാ
സൂര്യനും പോയിമറഞ്ഞനേരം
ചെമ്മേചിലച്ചുകൊണ്ടാക്കിളിക്കൂട്ടമാ
കാട്ടിലേക്കങ്ങു തിരിച്ചുപോയി.