വമ്പന്മഴയുടെ കോളുവരുന്നേ
ചറപറചറപറപെയ്യാനായി-
ട്ടിടവപ്പാതിക്കാറുവരുന്നേ.....
മാനമിരുണ്ടു കറുത്തുവരുന്നേ,
മാരിക്കാറുകളിളകിവരുന്നേ
മയിലുകളാമോദത്താല്‍ വര്‍ണ്ണ-
പ്പീലിവിരിച്ചിട്ടാടി നടന്നേ......
മാനത്തൂന്നൊരു പൂത്തിരിപോലാ
വെള്ളത്തുള്ളികള്‍ ചിതറിയെറിഞ്ഞേ
മുറ്റംനിറയെ വെള്ളക്കുമിളകള്‍,
പൂക്കുലപോലവ പൊട്ടിവിടര്‍ന്നേ....
വീശിയടിച്ചൊരുകാറ്റില്‍പ്പെട്ടാ
ചില്ലകളൊക്കെയുമാടിയുലഞ്ഞേ
മേടച്ചൂടിലുണങ്ങിമടുത്തൊരു
താരുലതാദികളീറനണിഞ്ഞേ.....
പുഴയും, തൊടിയും, കിണറും, കുളവും
പുതുവെള്ളത്താല്‍ മുങ്ങിനിറഞ്ഞേ
പാടത്തും കൈത്തോട്ടീലുമെല്ലാം
പൊന്‍പരല്‍മീനുകള്‍ നീന്തിനടന്നേ..
വേനല്‍ച്ചൂടിലുണങ്ങിയ പാടം
പുത്തന്മഴയുടെ ഗന്ധമണിഞ്ഞേ
മണ്ണിലമര്‍ന്നുമയങ്ങിയുറങ്ങിയ
വിത്തുകളെല്ലാം കണ്ണുതുറന്നേ....
ആമഴ പുതുമഴ നനയാനായി
കുട്ടിളെല്ലാം തൊടിയില്‍ നിരന്നേ
പുത്തന്‍പൂക്കുടചൂടീട്ടവരാ
മഴയില്‍ മുങ്ങിരസിച്ചു നടന്നേ...

ചിത്രീകരണം : സഹയാത്രികന്