മാവില്‍നിറഞ്ഞല്ലോ കണ്ണിമാങ്ങ
ചേലൊത്തപച്ചക്കുലകളായ് തൂങ്ങുന്ന
നല്ല പുളിയുള്ളോരുണ്ണി മാങ്ങ
നാളുകരോന്നായ് വാടിക്കൊഴിയവേ
മാങ്ങകളൊക്കെമുഴുത്തുവന്നു
ആയതിന്നൊപ്പമാ മൂവാണ്ടന്മാവിന്റെ
ചില്ലകളൊക്കെയും ചാഞ്ഞുവന്നു!
പച്ചമാങ്ങായൊന്നുപൊട്ടിച്ചുതിന്നുവാന്‍
കണ്ണനുമുണ്ണിയ്ക്കും പൂതിയായി
കല്ലെടുത്തുന്നംപിടിച്ചുണ്ണി 'വീക്കവേ’
മാങ്ങക്കുലയൊന്നു താഴെയെത്തി!
കല്ലിലിടിച്ചു പൊട്ടിച്ചുമുറിച്ചുണ്ണി
നല്ല ‘ചുന‘യുള്ള മാങ്ങയൊന്ന്
കണ്ണനോ വൈകാതെ വായിലൊതുക്കിയാ
നല്ലമുഴുത്തകഷണമൊന്ന്!
“അയ്യോയിതെന്തുപുളിപ്പാണീ മാങ്ങയ്ക്ക്
പല്ലുംകൂടങ്ങുപുളിച്ചിടുന്നേ.....”
കൈനിറയെ കുറേ‘കല്ലുപ്പും‘ കോരീട്ടാ
കൊച്ചേച്ചി വന്നങ്ങടുത്തുകൂടി!
കണ്ണനുമുണ്ണിയുംകൊച്ചേച്ചിയുംകൂടെ
മാവിന്റെ ചോട്ടിലിരിന്നുമെല്ലെ,
മാങ്ങകളോരോന്നായ് പൊട്ടിച്ചുതിന്നവര്‍,
മാവിന് ചുവട്ടിലൊരുത്സവമായ് !!

ഫോട്ടോ: കുട്ടിച്ചാത്തന്
* “ചുന” - മാങ്ങയുടെ കറയ്ക്ക് മദ്ധ്യതിരുവിതാംകൂറില്‍ പറയുന്ന പേര്