Tuesday, May 20, 2008

പാറിവാ പച്ചക്കിളീ

പച്ചച്ചപ്പാടത്തെ പച്ചക്കതിര്‍കൊത്താന്‍
പച്ചപ്പനന്തത്തക്കൂട്ടമെത്തി
പച്ചനിറത്തിലാ കാടുതന്നെ പറ-
ന്നെത്തിയതോ നല്ല ശേലുതന്നെ !

ഒച്ചവച്ചങ്ങിങ്ങു പാറിപ്പറന്നിട്ടു
മിന്നല്‍പ്പിണര്‍പോലെ പാഞ്ഞിറങ്ങി
മൂര്‍ച്ചയേറുന്നൊരാ കൊക്കാലരിഞ്ഞവര്‍
പ്പച്ചക്കതിര്‍ക്കുല തണ്ടറുത്തൂ

പാടത്തിന്നക്കരെ നില്‍ക്കുന്നൊരാഞ്ഞിലി
ക്കൊമ്പിലേക്കാക്കിളി കൂട്ടരെത്തി
നെന്മണിയോരാന്നായ് പൊട്ടിച്ചു പൊട്ടിച്ചു
നെന്മണിപ്പാലു കുടിച്ചു മെല്ലെ

വീണ്ടും പറന്നുപോയ് നെല്‍ക്കതിര്‍ കൊത്തുവാന്‍‍
ആരെയും തെല്ലുമേ കൂസിടാതെ,
പാടിയും പാലുനുകര്‍ന്നുമാ തത്തകള്‍
കുഞ്ഞിവയറു നിറച്ചു വേഗം


പാടത്തിനപ്പുറം കുന്നിന്‍ ചെരുവിലാ
സൂര്യനും പോയിമറഞ്ഞനേരം
ചെമ്മേചിലച്ചുകൊണ്ടാക്കിളിക്കൂട്ടമാ
കാട്ടിലേക്കങ്ങു തിരിച്ചുപോയി.

16 comments:

അപ്പു ആദ്യാക്ഷരി said...

കുറേ നാളായി ഒരു കുട്ടിക്കവിത എഴുതിനോക്കിയിട്ട്. ദേണ്ടൊരെണ്ണം. കുട്ടികള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാവും എന്നു കരുതുന്നു.

ചന്ദ്രകാന്തം said...

പച്ചക്കതിര്‍‌ക്കുലക്കൂട്ടമില്ലിന്നെന്റെ
പാടത്തു മുട്ടോളം പുല്ലു മാത്രം..
പച്ചപ്പനങ്കിളിയെത്താറുണ്ടെന്നുടെ
പച്ചപ്പു വറ്റാ മനസ്സിലിന്നും..

കുഞ്ഞുമനസ്സുകള്‍ക്കും, മിഴികള്‍ക്കും അന്യമായിക്കൊണ്ടിരിയ്ക്കുന്ന കാഴ്ച.
വരികളില്‍ പകര്‍‌ത്തിവച്ചത്‌ നന്നായി.

Sharu (Ansha Muneer) said...

പച്ചപ്പനന്തത്ത കൊള്ളാല്ലോ...കുരുന്നുകള്‍ക്കായുള്ള കുട്ടിക്കവിത.

G.MANU said...

കഥയും കവിതയും മിക്സ് ചെയ്തു മനോഹരമാക്കി അപ്പൂസേ ഇത്.
ഈണത്തില്‍ ചൊല്ലിക്കൊടുക്കാവുന്ന ഒരു കവിത.

സൂപ്പര്‍...

കാവലാന്‍ said...

ഹഹഹ........
കുറേ നാളായിരുന്നു ഇത്തരമൊന്നു കണ്‍ടിട്ട് നല്ലരസമുള്ള വരികള്‍.

ഹരീഷ് തൊടുപുഴ said...

ഹായ്!! നല്ല കുട്ടിക്കവിത, ഇഷ്ടായി, അഭിനന്ദനങ്ങള്‍......

കുഞ്ഞന്‍ said...

ആരെങ്കിലും ഇത് ആലപിച്ചിരുന്നെങ്കില്‍..

അപ്പൂട്ടാ കുട്ടികള്‍ക്കു മാത്രമല്ലാ മുതിര്‍ന്നവര്‍ക്കും ഇഷ്ടമാകും..!

പിന്നെ ഈ കവിത എഴുതിയത് പത്തിരുപത് കൊല്ലം മുമ്പാണല്ലെ, അല്ല കാടും നെല്ലും ഇപ്പോഴുണ്ടൊ..ചുമ്മാ..

shams said...

അപ്പൂസെ, കൊള്ളാം നന്നായിരിക്കുന്നു കുട്ടിക്കവിത.

Shaf said...

എന്റെ ഉമ്മക്ക് ഞാനിപ്പോഴും കുട്ടി തന്നെയാ...അതുകൊണ്ട് എനിക്കും ഇഷ്ടമായ് കവിത

Unknown said...

നല്ല മനോഹരമായൊരു കുട്ടി കവിത

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനോഹരമായിരിക്കുന്നു മാഷെ.

Manoj | മനോജ്‌ said...

അപ്പൂസേ - കുഞ്ഞൊരു ഇടവേളക്കു ശേഷം എഴുതിയ ഈ കവിത നന്നായിരിക്കുന്നു! :-)

മഴത്തുള്ളി said...

അപ്പൂ, ഇത്തവണയും അതിമനോഹരമായി എഴുതിയിരിക്കുന്നു. ഇതു വായിക്കാന്‍ വളരെ വൈകി.

എന്താ‍യാലും നാട്ടിലെ പഴയ പച്ചപ്പാടങ്ങളുടെ ഓര്‍മ്മ നല്‍കി ഈ കുഞ്ഞുകവിത. അഭിനന്ദനങ്ങള്‍.

Anonymous said...

കുട്ടിക്കവിത കൊള്ളാല്ലോ!!!

Unknown said...

പച്ചയാണല്ലോ മാഷേ... (ഉം, എല്ലാ കുഞ്ഞാലിക്കുട്ടികള്‍ക്കും ഇഷ്ട്ടാവട്ടെ) എനിക്കിഷ്ട്ടായി, അല്ല പിന്നെ...

Unknown said...

ഇപ്പൊഴാണ് കാണാന് തുടങ്ങിയത് ഇഷ്ടായി